വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള: ആദ്യ അഭിമുഖത്തിൽ തന്നെ ജോലി നേടി ഉദ്യോഗാർഥികൾ

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിലൂടെ ആദ്യ അഭിമുഖത്തിൽതന്നെ ജോലി സ്വന്തമാക്കി ഉദ്യോഗാർഥികൾ. കോട്ടയം സ്വദേശി പി ആർ രാജേഷ്, പത്തനംതിട്ട സ്വദേശി കെ അഭിനവ് സുരേഷ്, ചേർത്തല സ്വദേശി എം ഹരികൃഷ്ണൻ എന്നിവരാണ് കന്നി അഭിമുഖത്തില്‍ തന്നെ ജോലി സ്വന്തമാക്കി അഭിമാനമായത്. വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ബുധനാഴ്ച ചേർത്തലയിൽ നടന്ന എംആർഎഫ് കമ്പിനിയിലേക്കുള്ള അഭിമുഖത്തിലാണ് മൂവരും പങ്കെടുത്തത്. ശനിയാഴ്ച്ച ആലപ്പുഴ എസ് ഡി കോളേജിൽ നടന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള ഉദ്ഘാടന വേദിയിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്ന് മൂവരും ജോലി ഉത്തരവുകള്‍ ഏറ്റുവാങ്ങി.
കോട്ടയം സ്വദേശിയായ പി. ആർ രാജേഷ് പി. ആർ. ഡി. എസ് കോളേജിൽ നിന്ന് ബി കോം പഠനം പൂർത്തീകരിച്ച ശേഷം ആദ്യമായാണ് ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നതും ജോലി നേടുന്നതും. ചേർത്തല സ്വദേശിയായ എം. ഹരികൃഷ്ണൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തീകരിച്ച ശേഷമാണ് അഭിമുഖത്തിന് എത്തിയത്. പോളി ടെക്നിക്കിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയാണ് പത്തനംതിട്ട സ്വദേശിയായ കെ. അഭിനവ് സുരേഷ് അഭിമുഖത്തിനെത്തിയത്. ആദ്യമായി പങ്കെടുത്ത അഭിമുഖത്തിൽ തന്നെ ജോലി ലഭിച്ചതിന്റെയും മന്ത്രി പി. പ്രസാദിൽ നിന്ന് പ്ലേസ്മെന്റ് ഓർഡർ കൈപ്പറ്റാൻ സാധിച്ചതിൻ്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് മൂവരും മെഗാതൊഴില്‍ മേളയില്‍ നിന്ന് മടങ്ങിയത്. ഇവരടക്കം 87 പേർ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ളവർക്കും തൊഴില്‍ ഉത്തരവുകള്‍ ഉടൻ വിതരണം ചെയ്യും. കമ്പനിയുടെ കോട്ടയം ശാഖയിലേക്കുള്ള ഇൻ്റേൺ ട്രെയിനി ഒഴിവിലേക്കാണ് നിയമനം ലഭിച്ചത്.