മാസാണ് വിജ്ഞാൻ ആലപ്പുഴയെന്ന് ന്യൂജെൻ ഉദ്യോഗാർഥികൾ

post

കിടിലൻ അവസരങ്ങളുടെ വാതിൽ തുറന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള ജോബ് ഫെയറുകളിലെ മാസ് എൻട്രിയായെന്ന് ആലപ്പുഴ എസ് ഡി കോളേജിലെത്തിയെ ന്യൂജൻ ഉദ്യോഗാർഥികൾ. ശനിയാഴ്ച്ച രാവിലെ ആരംഭിച്ച തൊഴിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാനെത്തിയ വൻയൂത്താവലി അതിന്റെ തെളിവായിരുന്നു. തിരക്കുകൂടി നെറ്റ് ജാമായപ്പോൾ ചങ്കിനും ചങ്കത്തികൾക്കുമൊക്കെ ജോലി കിട്ടിയോ എന്നായിരുന്നു അഭിമുഖം കഴിഞ്ഞെത്തിയവരുടെ ആകാംക്ഷ. ആറാട്ടുപുഴ സ്വദേശി ആമിനക്കും കായംകുളം സ്വദേശി ശരത്തിനും ആര്യാട് സ്വദേശിനി ബനിറ്റക്കുമൊക്കെ തൊഴിൽമേള പകർന്നത് പ്രതീക്ഷകളുടെ പുതുവൈബാണ്.

കരിയർ ബ്രേക്കിന് ശേഷം ലഭിച്ച വലിയ അവസരം-ആമിന എസ്

കുഞ്ഞുണ്ടായ ശേഷം ജോലിക്ക് പോകാൻ സാധിക്കാതിരുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് സ്വദേശി ആമിനക്ക് തൊഴിൽമേളയിലൂടെ ലഭിച്ചത് വലിയ അവസരം. പഞ്ചായത്തിൽ നിന്നാണ് തൊഴിൽമേളയെക്കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. തനിക്ക് ലഭിച്ചത് വലിയ അവസരമാണെന്നും അഞ്ച് കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാനായെന്നും ബി എ ഇക്കണോമിക്സ് ബിരുദധാരിയായ എസ്. ആമിന പറഞ്ഞു.

തൊഴിൽമേള നൽകിയത് പുത്തൻ പ്രതീക്ഷ- എസ് ശരത്

മാസങ്ങളായി ജോലി അന്വേഷിച്ചിരുന്ന കായംകുളം സ്വദേശി ശരത്തിന് വിജ്ഞാന ആലപ്പുഴ തൊഴിൽമേള പുതുവഴി തുറന്നുനൽകി. ചെയ്തുകൊണ്ടിരുന്ന ജോലി അവസാനിപ്പിച്ച് മാസങ്ങളായി പുതിയൊരു തൊഴിലിനായുള്ള അന്വേഷണത്തിലായിരുന്നു ശരത്. കായംകുളം മുനിസിപ്പാലിറ്റി വഴി തൊഴിൽമേളയെക്കുറിച്ച് അറിഞ്ഞാണ് ശരത് തൊഴിൽമേളയുടെ ഭാഗമായത്. അഭിമുഖത്തിൽ പങ്കെടുത്ത ശരത്ത് വളരെ പ്രതീക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണ്.

ഇത് മറ്റെങ്ങും ലഭിക്കാത്ത അവസരം-ബനിറ്റ

സാധാരണ തൊഴിൽമേളകളിൽ പലപ്പോഴും നവാഗതർക്ക് അവസരങ്ങൾ ലഭിക്കാറില്ലെന്നും എന്നാൽ വിജ്ഞാന ആലപ്പുഴ തൊഴിൽമേളയിൽ നവാഗതരെ മികച്ച രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടെന്നും ആര്യാട് സ്വദേശിനി ബനിറ്റ ബെന്നി പറഞ്ഞു. ആദ്യമായാണ് തൊഴിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നതെന്നും നവാഗതയായ തനിക്ക് ഇത്രയും വലിയ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സിഎംഎ വിദ്യാർഥിനിയായ ബനിറ്റ പറഞ്ഞു.