മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നത് തടയും

post

വയനാട്:  ജില്ലയ്ക്ക് പുറത്ത് നിന്ന് ലഭ്യമായിരുന്ന മരുന്നുകള്‍ക്ക് ജില്ലയില്‍ അമിത വിലയിടാക്കുന്നത് തടയാന്‍ ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ യോഗത്തിലാണ് തീരുമാനം. മാനന്തവാടി,സുല്‍ത്താന്‍ ബത്തേരി,വൈത്തിരി താലൂക്കില്‍ രാത്രി 8 മണി വരെ ഒന്ന് വീതം  മരുന്നു കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. വിരളമായി ലഭിക്കുന്ന മരുന്നുകളുടെ വിതരണത്തിനായി ജില്ലയില്‍ മൂന്ന് മരുന്ന്ഷാപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ ജീവ മെഡിക്കല്‍സ്,ബത്തേരിയില്‍ മഹാത്മ, മാനന്തവാടിയില്‍ മാനന്തവാടി മെഡിക്കല്‍സ് എന്നിവയാണ് ഇതിനായി പ്രവര്‍ത്തിക്കുക. കാന്‍സര്‍,കിഡ്നി മരുന്നുകള്‍ നാലാംമൈലിലെ റിയ മെഡിക്കല്‍സില്‍ നിന്നും  ലഭിക്കും.

കോവിഡ് ഹോസ്പിറ്റലായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി ഏറ്റെടുത്ത മേപ്പാടി വിംസ്  മെഡിക്കല്‍ കോളേജ് സുസജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആറു നിലകളിലുള്ള മെഡിക്കല്‍ കോളേജിന്റെ മൂന്ന് നിലകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനാകും. പുതുതായി വാങ്ങുന്ന വെന്റിലേറ്ററുകള്‍ ഇവിടെ താല്‍ക്കാലികമായി  സജ്ജമാക്കുന്നതിനും നടപടിയുണ്ടാകും. കുടകില്‍ നിന്ന് എത്തിയവരും കോവിഡ് കെയര്‍ സെന്ററില്‍ താമസിപ്പിച്ചവരുമായ പട്ടികവര്‍ഗ  വിഭാഗക്കാരെ ക്വാറന്റയിന്‍ പിരീഡ് പൂര്‍ത്തിയായ സാഹചര്യത്തില്‍ വീട്ടിലേയ്ക്ക് തിരിച്ചയക്കുന്ന കാര്യം പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പിനു യോഗം നിര്‍ദേശം നല്‍കി. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.