ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ; പുറക്കാട് പഞ്ചായത്തിൽ നാട്ടുകൂട്ടങ്ങൾക്ക് തുടക്കം

post

പുറക്കാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം പരിപാടിക്ക് തുടക്കമായി. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്തെ കർഷകർ, മത്സ്യത്തൊഴിലാളികൾ, പാരമ്പര്യ വൈദ്യന്മാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നാട്ടുകൂട്ടം സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ അധ്യക്ഷനായി. 

പ്രദേശത്തെ ജൈവവൈവിധ്യത്തെയും പരമ്പരാഗത അറിവുകളെയും സംബന്ധിച്ച അടിസ്ഥാന രേഖയാണ് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ. ഒന്നാം ഭാഗം രജിസ്റ്റർ 2012 -ൽ തയ്യാറാക്കിയിരുന്നുവെങ്കിലും അതിലെ വിവരങ്ങൾ കാലാനുസൃതമായി പുതുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ   പറഞ്ഞു.

വൈസ് പ്രസിഡൻ്റ് വി എസ് മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ ഉണ്ണി, പ്രിയ അജേഷ് തുടങ്ങിയവർ സംസാരിച്ചു.