ആശ്വാസ, ലേബര്‍ ക്യാമ്പുകളിലേക്കുള്ള പാല്‍/ തൈര് വിതരണം ഉദ്യോഗസ്ഥര്‍ മുഖേന

post

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിലവില്‍ ആരംഭിച്ച ആശ്വാസ ക്യാമ്പുകളിലും ലേബര്‍ ക്യാമ്പുകളിലുമുള്ള അതിഥി തൊഴിലാളികള്‍ക്കും മറ്റും ആവശ്യമുള്ള പാല്‍/ തൈര് എന്നിവയുടെ വിതരണത്തിന് ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇവര്‍ക്ക് ആവശ്യമുള്ള പാല്‍/ തൈര് എന്നിവയുടെ കൃത്യമായ അളവും എത്തിക്കേണ്ട സ്ഥലവും പാലക്കാട് ഡയറി മില്‍മ മാനെജര്‍ക്ക് ജില്ലാ ലേബര്‍ ഓഫീസര്‍ നല്‍കണം. തുടര്‍ന്ന് നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ആവശ്യമായ അളവില്‍ പാല്‍/ തൈര് എന്നിവ എത്തിക്കുന്നതിനുള്ള നടപടി പാലക്കാട് ഡയറി മില്‍മ മാനെജര്‍ സ്വീകരിക്കുന്നതാണ്. ഓരോ വില്ലേജിലും ക്യാമ്പുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ പട്ടിക ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കൈമാറാന്‍ വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി. കൂടാതെ, വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ അങ്കണവാടി സ്‌കീം പ്രകാരം കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരുദിവസം 180 മില്ലിലിറ്റര്‍ പാല്‍ ഒരു മാസത്തേക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസറെയും ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.