തകര്‍ന്ന ഇല്ലിക്കല്‍ തിരുവാര്‍പ്പ് ക്ഷേത്രം റോഡിന്റെ ഡൈവേര്‍ഷന്‍ റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കി

post

ആലപ്പുഴ : കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ഇല്ലിക്കല്‍ തിരുവാര്‍പ്പ് ക്ഷേത്രം റോഡിലെ റിവര്‍ബാങ്ക് ഭാഗത്ത് ചെയിനേജ് 3/500 കിലോമീറ്ററില്‍ മീനച്ചിലാറിനോടു ചേര്‍ന്ന ഭാഗത്തെ സംരക്ഷണഭിത്തി തകരുകയും ഏകദേശം 80 മീറ്റര്‍ നീളത്തില്‍ റോഡ് മീനച്ചിലാറിലേക്ക് പതിക്കുകയും, ഗതാഗതമാര്‍ഗ്ഗം തടസ്സപ്പെടുകയും ചെയ്യുകയുണ്ടായി. രണ്ട് വര്‍ഷം മുമ്പ് ജലസേചന വകുപ്പാണ് ഈ സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. ഈ ഭാഗത്ത് കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായിരുന്നതായി മാര്‍ച്ച് 31 ന് പൊതുമരാമത്ത് വകുപ്പിനെ വാര്‍ട്ടര്‍ അതോറിറ്റി രോഖാമൂലം അറിയിച്ചിരുന്നതായി നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറോട് സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും, ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗം ആവശ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനും നിര്‍ദ്ദേശം നല്‍കി. മുന്‍ എം.എല്‍.എയും, സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയുമായ വി.എന്‍. വാസവന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിക്കുകയുമുണ്ടായി. 

റോഡ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കണമെങ്കില്‍ ഇടിഞ്ഞുപോയ ഏകദേശം 80 മീറ്ററോളം ഭാഗത്ത് 13 മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിച്ച് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നതിനാലും, ഏകദേശം 54 മീറ്റര്‍ താഴ്ചയിലെ മണ്ണിന്റെ ഘടന ഉറപ്പില്ലാത്ത ചെളി നിറഞ്ഞതായതിനാല്‍ ഡിസൈന്‍ ചെയ്ത് പാര്‍ശ്വസംരക്ഷണം നടത്തേണ്ടതിനാലും താല്ക്കാലികമായി 95 മീറ്റര്‍ നീളത്തില്‍ ഒരു ഡൈവേര്‍ഷന്‍ റോഡ് നിര്‍മ്മിക്കുന്നതായിരിക്കും അടിയന്തിരമായി ചെയ്യേണ്ടതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തു. 

പ്രസ്തുത ഡൈവേര്‍ഷന്‍ റോഡിന് 6 ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വി.എന്‍. വാസവന്‍, സ്ഥലം എം.പി തോമസ് ചാഴിക്കാടന്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സ്ഥലമുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ താല്ക്കാലിക റോഡുണ്ടാക്കുന്നതിനുള്ള സ്ഥലം താല്ക്കാലികമായി വിട്ടു നല്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇല്ലിക്കല്‍ തിരുവാര്‍പ്പ് ക്ഷേത്രം റോഡിന്റെ തകര്‍ന്ന ഭാഗം ഒഴിവാക്കി താല്ക്കാലിക ഡൈവേര്‍ഷന്‍ റോഡ് നിര്‍മ്മാണത്തിന് 6 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി നല്‍കാന്‍ മന്ത്രി ജി.സുധാകരന്‍ ഉത്തരവിടുകയും, തകര്‍ന്ന ഭാഗം പൂനര്‍നിര്‍മ്മിക്കുന്നതിനുള്ള ഡിസൈന്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു.