ഫ്‌ളോട്ടിങ്ങ് സൂപ്പര്‍മാര്‍ക്കറ്റുമായി കുടുംബശ്രീ വനിതകള്‍

post

കൊറോണയെ തോല്‍പിക്കും ആത്മവിശ്വാസം : കൈനകരിക്കാര്‍ക്ക്  വീട്ടു സാധനങ്ങള്‍ സാധനങ്ങള്‍ ഇനി വീട്ടുപടിക്കല്‍

ആലപ്പുഴ:  കൊറോണക്കാലത്ത് വീടുകളില്‍ ഭക്ഷണമൊരുക്കാന്‍ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിട്ടാതെ വിഷമിക്കുന്ന ആലപ്പുഴ ജില്ലയിലെ കൈനകരിയിലെ കുടുംബങ്ങള്‍ക്ക് സഹായമായി കുടുംബശ്രീയുടെ പുതുസംരംഭം. കൈനകരി പഞ്ചായത്തിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന്  അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ലഭ്യമാക്കി ഫ്‌ളോട്ടിങ്ങ് സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കിക്കൊണ്ടാണ് കൊറോണക്കാലത്തെ നേരിടാന്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. വാടകയ്‌ക്കെടുത്ത ബോട്ടിലാണ്  ഫ്‌ളോട്ടിങ്ങ്  സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.

കൊറോണ വൈറസിന് തോല്‍പിക്കാന്‍ കഴിയാത്ത നിശ്ചയദാര്‍ഢ്യവുമായാണ് കുടുംബശ്രീ വനിതകളായ  പ്രീത ഷൈന്‍, പവിത അനില്‍, പ്രീത മണിക്കുട്ടന്‍, അര്‍ച്ചന സോമശേഖരന്‍, സലിലമ്മ ഭാസുരന്‍ എന്നിവര്‍   ഫ്‌ളോട്ടിങ്ങ്   സൂപ്പര്‍മാര്‍ക്കറ്റുമായി രംഗത്തിറങ്ങിയത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക്  വീടിനുപുറത്ത് ദൂരെ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് ഒരു പാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതൊഴിവാക്കുന്നതിന്  ഫ്‌ളോട്ടിങ്ങ് സൂപ്പര്‍മാര്‍ക്കറ്റ്  എന്ന രീതിയില്‍ ഒരു  സംരംഭം തുടങ്ങുന്നത് ഏറെ സഹായകരമാകും എന്ന തിരിച്ചറിവില്‍ നിന്നാണ്  ദിവസങ്ങള്‍ക്കുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമായത്.  രാവിലെ തന്നെ സിഡിഎസ് പ്രതിനിധികള്‍ വാര്‍ഡ് മെമ്പര്‍മാര്‍, എഡിഎസ് അംഗങ്ങള്‍, അയല്‍ക്കൂട്ട പ്രതിനിധികള്‍ എന്നിവരുടെ വാട്ട്‌സാപ് ഗ്രൂപ്പുകളിലേക്ക്  ഓരോ ബോട്ട്‌ജെട്ടിയിലും സൂപ്പര്‍മാര്‍ക്കറ്റ് എത്തുന്ന വിവരം അറിയിക്കും. ഇതു പ്രകാരം ഓരോ ജെട്ടിയിലും സൂപ്പര്‍മാര്‍ക്കറ്റ് അടുക്കുമ്പോള്‍ ആളുകളെത്തി അവര്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്. സാമൂഹ്യ അകലം സൂക്ഷിക്കുക എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കുന്നതിലും ഇവര്‍ ശ്രദ്ധിക്കുന്നു. ആളുകള്‍ തമ്മില്‍ കൂട്ടം കൂടി നില്‍ക്കാതെ നിശ്ചിത അകലത്തില്‍ നിര്‍ത്തിക്കൊണ്ടാണ് സാധനങ്ങള്‍ നല്‍കുന്നത്. പഞ്ചായത്തിലെ ഭജനമഠം, ചേന്നങ്കരി ഈസ്റ്റ്, ഐലന്‍ഡ്, വാവക്കാട്, തെക്കേ വാവക്കാട്, കുട്ടമംഗലം, പടിഞ്ഞാറേ കുട്ടമംഗലം, കട്ടപ്പുറം, തോട്ടുകടവ്, ചെറുതാലി കായല്‍, പഞ്ചായത്ത് വാര്‍ഡ് , അറുനൂറ്റും പാടം എന്നീ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് തികച്ചും അനുഗ്രഹമായി മാറിയിരിക്കുകയാണ്  വനിതകളുടെ   ഫ്‌ളോട്ടിങ്ങ്  സൂപ്പര്‍ മാര്‍ക്കറ്റ്. പമ്പയാറിന്റെ കൈവഴിയിലൂടെ സൂപ്പര്‍മാര്‍ക്കറ്റ് കടവിലെത്തുമ്പോള്‍  ദൂരേക്ക് യാത്ര ചെയ്യാതെ തന്നെ വീട്ടിലേക്കുള്ള അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഓരോ കുടുംബത്തിനും കൈവന്നത്.

കൊറോണക്കാലത്തിന്റെ ആകുലതകളെല്ലാം അകറ്റി നിര്‍ത്തുന്നതിനും തങ്ങളുടെ ഫ്‌ളോട്ടിങ്ങ് മാര്‍ക്കറ്റ് സംരംഭം നല്ല രീതിയില്‍ കൊണ്ടു പോകുന്നതിനും കഴിയുന്നതില്‍ ഈ വനിതകള്‍ ഇന്നേറെ സന്തുഷ്ടരാണ്. കൊറോണ കാലം കഴിഞ്ഞാലും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഈ സംരംഭവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം. ഒരു ബോട്ട് ജെട്ടിയില്‍ നിന്നും അടുത്ത ബോട്ട്‌ജെട്ടിയിലേക്ക് യാത്ര ചെയ്യുന്ന സമയം പ്രകൃതി ഭംഗി ആസ്വദിക്കാനും ഇവര്‍ക്ക് കഴിയുന്നു. ചുരുക്കത്തില്‍ കൊറോണ കാലം മികച്ച രീതിയില്‍ വരുമാനം നേടാനും ആത്മവിശ്വാസത്തോടും ആഹ്‌ളാദത്തോടും കഴിയാനുമുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ഈ വനിതകള്‍.