കോവിഡ് - 19 : ഒരു ദിനം ഒരു ദാതാവ് : രക്തദാനം പദ്ധതിക്ക് തുടക്കമായി

post

പാലക്കാട്  : കോവിഡ് -19  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള അസോസിയോഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് പാലക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്, വിശ്വാസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'വണ്‍ ഡേ  വണ്‍ ഓണര്‍' (ഒരുദിനം ഒരു ദാതാവ്)  രക്തദാന പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ രക്തബാങ്കുകളില്‍ രക്തത്തിന്റെ  അപര്യാപ്തത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി  കെ.എ.പി.എസ് ജില്ലാ പ്രസിഡണ്ട് കെ.സതീഷ് രക്ത ദാനം നല്‍കി ഉദ്ഘാടനം ചെയ്തു.

കോവിഡ് -19 ന്റെ  പശ്ചാത്തലത്തില്‍ ആളുകളുടെ സമ്പര്‍ക്കം ഒഴിവാക്കാനാണ് ഒരുദിനം ഒരു ദാതാവ് എന്ന ആശയം ആവിഷ്‌കരിച്ചത്. പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍,  സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി അമ്പതിലധികം വളണ്ടിയര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. വിശ്വാസ് സെക്രട്ടറിയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ  അഡ്വ. പി പ്രേംനാഥ്, ക്യാപ്സ് ജില്ലാ സെക്രട്ടറി കെ.എം ദൃശ്യ,  ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. രാധിക സുകേതു,  പ്രകാശ് പോള്‍,  കെ. സംഗീത,  കെ.എം സുമേഷ്, എ. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.