തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം

post

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് ഇടുക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണം. നിരോധിത പ്ലാസ്റ്റിക് - ഫ്‌ളക്‌സ് വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്. കുട്ടികളെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്നും കളക്ടര്‍ പറഞ്ഞു.

*എന്താണ് മാതൃകാ പെരുമാറ്റചട്ടം

തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റ സംഹിത പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ സ്വീകരിക്കും.

*പൊതുവായ പെരുമാറ്റം

* വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ, പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.

* മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമാവേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെകുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ പാടില്ല.

* ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്.

* സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.

* ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല.

* ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.

* മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയ കക്ഷികളും, സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണം. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്‌തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയ കക്ഷി സംഘടിപ്പിക്കുന്ന പൊതു യോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു കക്ഷി ജാഥ നടത്തുവാന്‍ പാടില്ല. ഒരു കക്ഷി സ്ഥാപിച്ച പോസ്റ്ററുകളും പരസ്യങ്ങളും മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

*യോഗങ്ങള്‍

* ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പൊലീസിന് സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

* യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലില്ലെന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിലുള്ള ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതാണ്. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് അനുമതി നേടേണ്ടതാണ്.

* യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണ്.

* ആരെങ്കിലും യോഗം തടസ്സപ്പെടുത്തുകയാണെങ്കില്‍ പൊലീസ് സഹായം തേടേണ്ടതാണ്. അവര്‍ക്കെതിരെ സ്വയം നടപടിക്ക് മുതിരരുത്.

*ജാഥകള്‍

* ഘോഷയാത്ര സംഘടിപ്പിക്കുന്നതിന് മുമ്പായി ജാഥ തുടങ്ങുന്ന സ്ഥലം, റൂട്ട്, അവസാനിക്കുന്ന സ്ഥലം എന്നിവ മുന്‍കൂട്ടി തീരുമാനിക്കണം. ഇതില്‍ നിന്നും വ്യതിചലനം ഉണ്ടാവാന്‍ പാടില്ല.

* ജാഥ തീരുമാനിക്കുന്നതിന് മുമ്പായി പൊലീസിനെ അറിയിക്കേണ്ടതാണ്.

* ഘോഷയാത്ര കടന്നുപോകേണ്ട പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോ എന്ന് സംഘാടകര്‍ പരിശോധിക്കണം. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ അത് പാലിക്കേണ്ടതാണ്.

* ഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധം ജാഥ കടന്നുപോകുന്നതിന് മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണം. വലിയ ജാഥയാണെങ്കില്‍ സൗകര്യപ്രദമായ ഇടവേളകളില്‍ വാഹനം കടന്ന് പോകാന്‍ അനുവദിക്കണം. ഗതാഗത കുരുക്ക് ഒഴിവാക്കാനായി ചെറിയ ഭാഗങ്ങളായി ജാഥ ക്രമീകരിക്കണം.

* ജാഥകള്‍ കഴിയുന്നത്ര റോഡിന്റെ വലതുവശത്ത് നില്‍ക്കത്തക്കവിധം നിയന്ത്രിക്കുകയും പൊലീസിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കുകയും വേണം.

* രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതിന്റെ ഭാഗങ്ങളിലോ ജാഥ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, സംഘാടകര്‍ മുന്‍കൂട്ടി ബന്ധപ്പെടുകയും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുകയും വേണം. ആവശ്യമെങ്കില്‍ മുന്‍കൂട്ടി പൊലീസിന്റെ സഹായം തേടണം.

* മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളുടെയോ നേതാക്കളുടെയോ കോലം ചുമക്കുന്നതും അത്തരം കോലം പൊതുസ്ഥലത്ത് കത്തിക്കുന്നതും മറ്റ് തരത്തിലുള്ള പ്രകടനങ്ങളും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ചെയ്യാന്‍ പാടില്ല.

*അധികാരത്തിലിരിക്കുന്ന കക്ഷികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

* അധികാരത്തിലിരിക്കുന്ന കക്ഷികള്‍ തങ്ങളുടെ ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

* മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കുകയോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ഔദ്യോഗിക സംവിധാനങ്ങള്‍/ ഉദ്യോഗസ്ഥര്‍ എന്നിവ ഉപയോഗിക്കുകയോ ചെയ്യരുത്.

* അധികാരത്തിലിരിക്കുന്ന കക്ഷികളുടെ താല്‍പര്യാര്‍ത്ഥം സര്‍ക്കാര്‍ വാഹനങ്ങള്‍ (ഔദ്യോഗിക എയര്‍ ക്രാഫ്റ്റുകള്‍ അടക്കമുള്ളവ) ഉപയോഗിക്കരുത്.

* തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങള്‍, മൈതാനങ്ങള്‍, ഹെലിപാഡ് എന്നിവ കുത്തകയാക്കി മാറ്റാന്‍ പാടില്ല. മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അത്തരം സ്ഥലങ്ങളും സൗകര്യങ്ങളും നിബന്ധനകളോടും വ്യവസ്ഥകളോടും കൂടി ഉപയോഗിക്കാം.

* സര്‍ക്കാര്‍ റസ്റ്റ് ഹൗസുകള്‍, ബംഗ്ലാവുകള്‍ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വസതികള്‍ അധികാരത്തിലുള്ള പാര്‍ട്ടിയോ അതിന്റെ സ്ഥാനാര്‍ത്ഥികളോ കുത്തകയാക്കരുത്. ഇത്തരം സ്ഥലങ്ങളും പരിസരങ്ങളും പ്രചാരണത്തിനോ സമ്മേളന സ്ഥലമായോ ഉപയോഗിക്കാനും പാടില്ല.

* പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതുഖജനാവ് ചെലവിട്ട് പരസ്യം നല്‍കാന്‍ പാടില്ല. ഔദ്യോഗിക മാധ്യമങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ദുരുപയോഗം ചെയ്യരുത്.

*തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാര്‍, മറ്റ് അധികാരികള്‍ തുടങ്ങിയവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണം

1. തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച് നല്‍കാവുന്ന ഫണ്ടുകളില്‍ നിന്ന് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാടില്ല.

2. പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ പാടില്ല. റോഡ് നിര്‍മാണം, കുടിവെള്ള പദ്ധതി എന്നിവയെ കുറിച്ച് വാഗ്ദാനം നല്‍കാന്‍ പാടില്ല.

3. സര്‍ക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ മറ്റോ താല്ക്കാലിക/ ഇടക്കാല നിയമനങ്ങള്‍ നടത്താന്‍ പാടില്ല.