അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധം സ്‌നേഹിതയുടെ സാന്ത്വനത്തിന് പത്ത് വയസ്

post

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് 'സ്‌നേഹിത' സാന്ത്വനത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത സഹായകേന്ദ്രത്തില്‍ ഇതുവരെ ഏഴായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. താല്‍ക്കാലിക അഭയകേന്ദ്രം കൂടിയായ സ്നേഹിതയില്‍ 896 പേര്‍ക്ക് ഇതുവരെ അഭയം നല്‍കി. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, സ്വത്ത് തര്‍ക്കം, മൊബൈല്‍ അഡിക്ഷന്‍, സാമ്പത്തിക വഞ്ചന, കുട്ടികളുടെ പഠന -പെരുമാറ്റ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയിലൂടെ പരിഹരിച്ചത്. സൗജന്യ കൗണ്‍സിലിംഗ്, നിയമപിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍, അതിജീവന പിന്തുണാ സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സഹായം, തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകള്‍, ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്‌നേഹിത പിന്തുണ നല്‍കി വരുന്നു. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്കും പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്കും സ്‌നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാം.

സ്‌കൂളുകള്‍, കോളേജുകള്‍ തൊഴിലുറപ്പ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം ബോധവത്കരണ ക്ലാസുകള്‍ സ്‌നേഹിതയുടെ നേതൃത്വത്തില്‍ നടത്തി. ജില്ലയില്‍ 1527 കോളനികളില്‍ സന്ദര്‍ശനം നടത്തുകയും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ജില്ലയിലെ 5 കോളനികള്‍ ദത്തെടുത്ത് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ലിംഗ നീതി ലക്ഷ്യമിട്ടുള്ള വിവിധ പഠന പ്രക്രിയകളും അവബോധ പ്രവര്‍ത്തനങ്ങളും സ്നേഹിത വഴി നടപ്പിലാക്കുന്നുണ്ട്. സ്നേഹിത@സ്‌കൂള്‍, ജില്ലയിലെ 7 വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബ്കള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഒറ്റയ്‌ക്കോ, ഒറ്റപ്പെട്ട സ്ഥലത്തോ താമസിക്കുന്ന വ്യക്തികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സ്‌നേഹിതാ കാളിങ് ബെല്‍ പദ്ധതി യില്‍ 865 പേര് സ്നേഹിതയുടെ പിന്തുണ സ്വീകര്‍ത്താക്കള്‍ ആയിട്ടുണ്ട്. കുടുംബശ്രീ ജെന്‍ഡര്‍ വികസന വിഭാഗം നടപ്പിലാക്കുന്ന മാനന്തവാടി ബ്ലോക്കിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് എന്ന പദ്ധതിയിലും സ്നേഹിതയുടെ പ്രവര്‍ത്തനം ഉണ്ട്. സേവനങ്ങള്‍ക്കായി 04936 202033, 18004252776 എന്നീ നമ്പറുകളില്‍ സ്നേഹിതയിലേക്കു വിളിക്കാം. ലീഗല്‍ ക്ലിനിക് സ്നേഹിതയിലെത്തുന്ന പരാതികളില്‍ ആവശ്യമായ കേസുകള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവയ്ക്ക് സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും സ്‌നേഹിത വഴി ഉറപ്പു വരുത്തും. എല്ലാ കേന്ദ്രങ്ങളിലും അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടുന്ന സംവിധാനമാണ് സ്‌നേഹിത.