വയനാട് ഇനി വ്യവസായ നാട്; സംരംഭക പുരസ്‌ക്കാര നിറവില്‍ ജില്ല

post

വയനാട് ജില്ലയെ സംരംഭക ജില്ലയാക്കി മാറ്റുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2022-23 സംരംഭക വര്‍ഷത്തില്‍ നൂറ് ശതമാനത്തിലധികം സംരംഭങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 3,950 സംരംഭങ്ങളാണ് 2022-23 സംരംഭക വര്‍ഷത്തില്‍ ജില്ലയില്‍ ആരംഭിച്ചത്. 3,950 സംരംഭങ്ങള്‍ തുടങ്ങിയതോടെ 236.58 കോടി രൂപയുടെ നിക്ഷേപവും 8,234 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. ഉത്പ്പാദന മേഖലയില്‍ 331, സേവന മേഖലയില്‍ 1252, വിപണന മേഖലയില്‍ 2367 സംരംഭങ്ങളുമാണ് ജില്ലയില്‍ ആരംഭിച്ചത്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി സെമിനാറുകളിലൂടെയും ബോധവത്ക്കരണ ക്ലാസുകളിലൂടെയും അനുയോജ്യമായ പരിശീലനം നല്‍കിയാണ് ജില്ലാ വ്യവസായകേന്ദ്രം സംരംഭക യജ്ഞത്തിന് തുടക്കമിട്ടത്.

ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍, ബാങ്കുകള്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സംരംഭങ്ങള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനും സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും സഹായിച്ചു. സംരംഭങ്ങളിലൂടെ ഉത്പ്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് വയനാട് എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. ജില്ലയിലെ മികച്ച സംരംഭക നഗരസഭക്കുള്ള പുരസ്‌ക്കാരം സുല്‍ത്താന്‍ ബത്തേരിക്കും മികച്ച സംരംഭക പഞ്ചായത്തിനുള്ള പുരസ്‌ക്കാരം പൂതാടി പഞ്ചായത്തിനും ലഭിച്ചു. വ്യവസായ വകുപ്പിന്റെ ജില്ലയിലെ മികച്ച സൂക്ഷമ ചെറുകിട സംരംഭത്തിനുള്ള പുരസ്‌ക്കാരം വാകേരി സി.സി കാവനാല്‍ ബിജുവിന്റെ സംരംഭമായ 'തനി നാടന്‍ തനിമ'ക്ക് ലഭിച്ചു. ജില്ലയിലെ മികച്ച ചെറുകിട ഉത്പാദന യൂണിറ്റിനുള്ള പുരസ്‌ക്കാരം കെ.കെ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള പി.കെ.കെ അസോസിയേറ്റ്‌സും വനിതാ വിഭാഗത്തിലുള്ള മികച്ച സംരംഭത്തിനുള്ള പുരസ്‌ക്കാരം എന്‍. സന്ധ്യയുടെ സീന വുഡ് ഇന്‍ഡസ്ട്രീസും മികച്ച കയറ്റുമതി യൂണിറ്റിനുള്ള പുരസ്‌ക്കാരം ജോണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ബയോവിന്‍ ആഗ്രോ റിസര്‍ച്ചും സ്വന്തമാക്കി.