അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യസാമഗ്രികൾ ക്യാമ്പുകളില്‍ എത്തിച്ചു

post

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പണിയില്ലാതെ ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ സാമഗ്രികൾ അവരുടെ ക്യാമ്പുകളിൽ എത്തിക്കുന്ന നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ബുധനാഴ്ച ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിൽ നിന്നും ആവശ്യാനുസരണം ഭക്ഷ്യ സാമഗ്രികൾ വില്ലേജ് ഓഫീസുകൾ വഴി അതിഥി തൊഴിലാളികൾ കൂട്ടമായി തങ്ങുന്ന ക്യാമ്പുകളിൽ എത്തിച്ചു. കൺസ്യൂമർഫെഡിൽ നിന്നും വാങ്ങിയ ഭക്ഷ്യ സാമഗ്രികൾ കഴിഞ്ഞ ദിവസം തന്നെ താലൂക്ക് ഓഫീസുകളിൽ എത്തിച്ചിരുന്നു.

ബുധനാഴ്ച രാവിലെ തഹസിൽദാർമാരുടെയും വിവിധ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഭക്ഷ്യ സാമഗ്രികൾ എത്തിച്ചു തുടങ്ങി. വടക്കേ ഇന്ത്യക്കാർക്ക് അനുയോജ്യമായ ഭക്ഷ്യവസ്തുക്കളാണ് എത്തിക്കുന്നത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റവന്യു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ സാമഗ്രികള്‍ ക്യാമ്പുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ചെറുപയർ, കടല , പരിപ്പ്, ഉഴുന്ന്, തേയില, വെളിച്ചെണ്ണ, ആട്ട, കിഴങ്ങ്, സവോള ഉൾപ്പെടെ 13 ഭക്ഷ്യ സാമഗ്രികളാണ് വിതരണം ചെയ്യുന്നത്. അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസിൽ നിന്നുള്ള ആദ്യ വിതരണത്തിന് എൽ ആർ തഹസിൽദാർ സി പ്രേംജി നേതൃത്വം നൽകി.

അമ്പലപ്പുഴ താലൂക്കിൽ 700 പേർക്കുള്ള ഭക്ഷ്യ സാമഗ്രികളും കാർത്തികപ്പള്ളി താലൂക്കിൽ ആയിരം പേർക്ക് ഉള്ളതും കുട്ടനാട് താലൂക്കിൽ 250 പേർക്ക് ഉള്ളതും ചേർത്തലയിൽ 700 പേർക്കുള്ളതും മാവേലിക്കരയിലും ചെങ്ങന്നൂരും ആയി 2,000 പേർക്കുള്ളതുമായ ഭക്ഷ്യ സാമഗ്രികളാണ് ഇന്ന് എത്തിച്ചിട്ടുള്ളതെന്ന് അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നോഡല്‍ ഓഫീസര്‍ പി. പി. ഉദയസിംഹന്‍ പറഞ്ഞു. കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള കോൾ സെൻററും കളക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ബുധനാഴ്ച പത്തോളം കോളുകൾ എത്തി. ഇതിൽ ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകൾക്ക് അതിനുള്ള പരിഹാരം കണ്ടു.