നെല്ലിയാമ്പതി മേഖലയിലെ അതിഥി തൊഴിലാളികളും തോട്ടം തൊഴിലാളികളും സുരക്ഷിതര്‍

post

പാലക്കാട് : കോവിഡ് 19 രോഗവ്യാപനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട നെല്ലിയാമ്പതി മേഖലയിലെ അതിഥി തൊഴിലാളികളും തോട്ടം തൊഴിലാളികളും സുരക്ഷിതരാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നൂറടി പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചന്‍ സെന്ററില്‍നിന്നും ആവശ്യക്കാര്‍ക്ക് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ മുഖേന ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്. മേഖലയിലാകെ 47 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ പഠനാവശ്യത്തിനും മറ്റുമായി ഇതര സംസ്ഥാനങ്ങളില്‍ പോയി തിരിച്ചെത്തിയവരാണ്. അതേസമയം, എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിഥി തൊഴിലാളികള്‍ കൂടുതലുള്ള സീതാര്‍കുണ്ട് മേഖലയില്‍ എസ്റ്റേറ്റ് സ്റ്റോറില്‍നിന്നും തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ നല്‍കുന്നുണ്ട്. കാപ്പി സീസണായതിനാല്‍ ജോലി തേടിയെത്തി തിരികെ പോകാന്‍ കഴിയാത്ത തൊഴിലാളികളുടെ സുരക്ഷിതത്വം അതാത് മാനേജ്മെന്റ് തന്നെയാണ് നിലവില്‍ വഹിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള റേഷന്‍ സൗകര്യവും ഇവര്‍ക്ക് ലഭ്യമാണ്. നെല്ലിയാമ്പതി മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ധനസഹായം ഉടനെ നല്‍കിത്തുടങ്ങുമെന്ന് നെന്മാറ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു. മേഖലയിലെ വന്‍കിട, ചെറുകിട തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം നല്‍കുക. ചെറുകിട തോട്ടം തൊഴിലാളികളില്‍ 2018 വരെ അംശാദായം അടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.