അട്ടപ്പാടി ഗോട്ട് ഫാം സോളാര്‍ വൈദ്യുത പദ്ധതിക്ക് തുടക്കം

post

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് കോടി വകയിരുത്തി നടപ്പാക്കുന്ന അട്ടപ്പാടി ഗോട്ട് ഫാം മെഗാവാട്ട് സോളാര്‍ വൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. കോട്ടത്തറ ഗോട്ട്ഫാമില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ് അധ്യക്ഷനായി.

അട്ടപ്പാടിയില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ കെട്ടിടങ്ങളിലും സോളാര്‍ വൈദ്യുത പദ്ധതി നടപ്പാക്കും. കോട്ടത്തറയില്‍ 500 കിലോവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ്ജത്തില്‍ നിന്നും ഉത്പാദിപ്പിക്കുക. അട്ടപ്പാടി മേഖലയിലെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈദ്യുതി ഉപയോഗമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 10 നാണ് കെ.എസ്.ഇ.ബി.യും കെല്‍ട്രോണും ജില്ലാ പഞ്ചായത്തുമായി സംയുക്ത കരാര്‍ ഒപ്പിട്ടതെന്നും 2020 ഏപ്രിലോടെ പദ്ധതി പൂര്‍ത്തീകരിച്ച് ഉത്പാദനം ആരംഭിക്കുമെന്നും കൂടുതല്‍ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തി, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി. രാധാകൃഷ്ണന്‍, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശിവശങ്കരന്‍, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. എല്‍. കല, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ എസ്. സനോജ്, ശ്രീനിവാസന്‍, കെ. സി. സുബ്രഹ്മണ്യന്‍, എം. രാജന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.