പാലക്കാട് ജില്ലയ്ക്ക് രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ കൂടി; മന്ത്രി ഉദ്ഘാടനം ചെയ്തു

post

2022-23 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച പാലക്കാട് കോട്ടായി-1, മണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് പുതിയ രൂപത്തിലേക്കും ഭാവത്തിലേക്കും വേഗതയിലേക്കും മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഭൂരഹിതരായ മനുഷ്യരില്ലാത്ത വിധം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ രണ്ടേകാല്‍ ലക്ഷത്തോളം പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാനായി. മുപ്പതിനായിരം പട്ടയങ്ങള്‍ കൂടി തയ്യാറായിക്കഴിഞ്ഞു.

റീബില്‍ഡ് കേരള ഇനീഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തി 848 കോടിയുടെ പിന്‍ബലത്തോടെ നാലായിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ച് സംസ്ഥാനത്തെ 27 സ്ഥലങ്ങളില്‍ കോറസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിഗ്നല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നതിനുള്ള വലിയ തയ്യാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്. ഒരു വര്‍ഷത്തിനകം തന്നെ 2.10 ലക്ഷത്തോളം ഹെക്ടര്‍ ഭൂമി അളന്ന് തീര്‍ക്കാനായി എന്നത് ഗുണകരമായ കാര്യമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 


ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് എന്റെ ഭൂമി എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ഇന്റഗ്രേറ്റഡ് പോര്‍ട്ടലിന് രൂപം നല്‍കി. ഭൂമിയുടെ കൃത്യമായ രേഖയുണ്ടാവുകയും അര്‍ഹരായ മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റുകയും ചെയ്യുന്ന ഏറ്റവും ശ്രദ്ധേയമായ നേട്ടത്തിലേക്ക് റവന്യൂ വകുപ്പ് പോകുകയാണ്. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ സൗകര്യമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥാപനങ്ങളെയും സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ നടപടിയിലൂടെയാണ് റവന്യൂ വകുപ്പ് മുന്നോട്ടുപോകുന്നത്. അതിവേഗം സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇത്തരം സാങ്കേതിക സംവിധാനം സഹായിക്കും. സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതിയും ഫലപ്രദമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോട്ടായിയില്‍ പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ്, വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് തച്ചങ്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞിലക്ഷ്മി, ഗ്രാമപഞ്ചായത്തംഗം മഹേഷ്, ഗ്രാമപഞ്ചായത്തംഗം മഹേഷ് കുമാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശികന്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ ഡോ. എം.സി റെജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, വൈസ് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്‍, ജില്ലാ പഞ്ചായത്തംഗം എ. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. രജനി, വാര്‍ഡംഗം ഷഫീന നജീബ്, മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്തു.