അംബേദ്കര്‍ ഗ്രാമവികസന പദ്ധതി: ഉളവൈപ്പ് കോളനിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

post

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഉളവൈപ്പില്‍ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് അംബിക ശശിധരന്‍ നിർമ്മാണോദ്ഘാടനം നിര്‍വഹിച്ചു.

പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുടുകാട്ടുപുറം - പനച്ചിക്കല്‍, പനച്ചികള്‍- അപ്പക്കത്തറ എന്നീ റോഡുകളുടെ നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്.

അരൂര്‍ മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ ഒന്നായ ഉളവൈയ്പ്പില്‍ ഒരു കോടി രൂപ ചെലവിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്. മൂന്ന് പ്രധാന റോഡുകളും കള്‍വര്‍ട്ടുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കോളനിയിലെ 75ഓളം കുടുംബങ്ങള്‍ നാളുകളായി നേരിടുന്ന യാത്ര ദുരിതത്തിനാണ് പരിഹാരമാകുക.