കോവിഡ് കെയര്‍ സെന്ററുകളുടെപരിപാലനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല

post

വയനാട് : ജില്ലയിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളില്‍ നിന്നും വന്ന ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളുടെ പരിപാലന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.  വിദേശത്ത് നിന്ന് എത്തിയവരില്‍ ചെറുതായി രോഗ ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തും.  ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടി.  

കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ എത്തിക്കുന്നതിനും ശുചീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.  ഒന്നിടവിട്ട ദിവസങ്ങളില്‍ സെന്ററുകളിലെ എല്ലാ മുറികളും വൃത്തിയാക്കണം.  മാലിന്യം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തണം.  ബ്ലീച്ചിംഗ് പൗഡര്‍, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ ആരോഗ്യ വകുപ്പ് ലഭ്യമാക്കും.  കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളും ആരോഗ്യ വകുപ്പ് എത്തിക്കണം.  ഐസൊലേഷനില്‍ കഴിയുന്നവരുടെ മേല്‍നോട്ട ചുമതലയും ആരോഗ്യ വകുപ്പിനാണ്.  വ്യക്തികളുടെ മുഴുവന്‍ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.  പനി, ചുമ, തൊണ്ടവേദന, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങളുള്ളവരെ പ്രവേശിപ്പിക്കരുത്.  

കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

· അനുവദിക്കപ്പെട്ടിട്ടുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്.  ഒരു കാരണവശാലും പുറത്തിറങ്ങുവാന്‍ പാടില്ല.  ജനാലകള്‍ തുറന്ന് വായു സഞ്ചാരം ഉറപ്പുവരുത്തണം.

· മുറിയിലുള്ള ശുചിമുറി, ബെഡ് ഷീറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്വയം വൃത്തിയാക്കണം.

· ഭക്ഷണത്തിന് മുമ്പും, പിമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റില്‍ കുറയാതെ കഴുകേണ്ടതാണ്.

· മറ്റാളുകളുമായി ഒരു കാരാണവശാലും ഇടപഴകുവാന്‍ പാടുള്ളതല്ല.

· ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും മുറിയിലേക്ക് എത്തിച്ചു നല്‍കും.  പ്ലേറ്റ്, ഗ്ലാസ് എന്നിവ സ്വന്തം കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.

· എന്തെങ്കിലും ആവശ്യങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ സെന്ററിന്റെ ചുമതലക്കാരനെ ഫോണില്‍ ബന്ധപ്പെടണം.

· താമസിക്കുന്ന മുറിയിലെ സാധന സാമഗ്രികള്‍ക്ക് യാതൊരുവിധ കേടുപാടുകളും വരുത്താന്‍ പാടില്ല.  ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ സാധനങ്ങളുടെ വില പിഴയായി അതത് മുറിയിലെ താമസക്കാരില്‍ നിന്നും ഈടാക്കുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.

കുടിവെള്ളം വിതരണം ചെയ്യും

കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജില്ലയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കും അവശ്യ സര്‍വീസിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും   കുടിവെള്ള വിതരണത്തിന് ജില്ലാ വാട്ടര്‍ അതോറിറ്റിയുടെ ഇടപെടല്‍.  കോവിഡ് കെയര്‍ സെന്ററുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലെ ആവശ്യത്തിനും കുടിവെള്ളമെത്തിക്കും.  കുടിവെള്ളത്തിനായി 9447372329, 9188127926 നമ്പറുകളില്‍ ബന്ധപ്പെടാം.

സേവനങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഇരുപത്തിനാലു മണിക്കൂറും പരിശോധന നടത്തി വരുന്നു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകുടവും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചിട്ടുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.  ജില്ലയില്‍ നിന്നും അതിര്‍ത്തി കടന്നു പോകുന്ന ചരക്ക് വാഹന  ഡ്രൈവര്‍മാരെ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണു അതിര്‍ത്തി കടത്തിവിടുന്നത്. ഡ്രൈവര്‍മാരെ രാത്രിയില്‍ കര്‍ണാടകയില്‍ തങ്ങാന്‍ അനുവദിക്കില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ കാട്ടിക്കുളം വഴിയും ചരക്ക് വാഹനങ്ങള്‍ക്ക്  പോകാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണെന്ന് ആര്‍.ടി.ഒ ജെയിംസ് മാത്യു അറിയിച്ചു. ജില്ലയില്‍ നിന്നും മറ്റു ജില്ലയിലേക്ക് മരുന്ന് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെയും ആര്‍.ടി.ഒ യുടെയും അനുമതി ഉണ്ടായിരിക്കണം.