കടലോരം ശുചിയാക്കി; ശേഖരിച്ചത് ആയിരത്തോളം ചാക്ക് പാഴ് വസ്തുക്കൾ

post

ആവേശത്തോടെ ആയിരത്തിലധികം ആളുകൾ ഒത്തുചേർന്ന കാസറഗോഡ് ജില്ലയിലെ കടലോര ശുചീകരണ പ്രവർത്തനത്തിൽ 950 ചാക്ക് അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചു.

അവധി ദിവസത്തിന്റെ ആലസ്യമില്ലാതെ ആയിരത്തിലധികം ആളുകൾ ഒത്തുചേർന്ന് കണ്വതീർത്ഥ മുതൽ വലിയപറമ്പ തീരം വരെ ജനകീയമായി ശുചീകരിച്ചു. അവശേഷിക്കുന്നവ തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരിക്കും. മാലിന്യമുക്തം നവകേരളം ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച കടലോര ശുചീകരണത്തിൽ 3200 പേർ പങ്കെടുത്തു. വലിയ പറമ്പയിൽ മാത്രം 24 കിലോമീറ്റർ ദൂരത്ത് 1298 പേർ രംഗത്തിറങ്ങി. ജില്ലയിൽ ആകെ 52സംഘങ്ങളായി കർമ്മനിരതരായി രംഗത്തിറങ്ങി.


കാഞ്ഞങ്ങാട് നിയോജക മണ്ഡലതല ഉദ്ഘാടനം ഹൊസ്ദുർഗ്ഗ് കൈറ്റ് ബീച്ചിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എയും ഉദുമയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയും വലിയ പറമ്പിൽ എം. രാജഗോപാലൻ എം.എൽ.എയും അഴിത്തലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ ചെമ്പരിക്ക ബീച്ചിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖറും നിർവ്വഹിച്ചു. പള്ളിക്കരയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠനും മൊഗ്രാൽ പുത്തൂരിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. എ. സൈമയും മഞ്ചേശ്വരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീൻ ലെവിനോ മൊന്റാരോയും മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റൂബീന നൗഫലും കുമ്പളയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫും കാഞങ്ങാട് നഗരസഭയിൽ മരക്കാപ്പ് കടപ്പുറം ചെയർപേഴ്സൺ കെ.വി. സുജാത ടീച്ചറും അജാനൂരിൽ സബ് കളക്ടർ സൂഫിയാൻ അഹമ്മദും കാസർകോട് നഗരസഭയിൽ അസി. കലക്ടർ ദിലീപ് കെ. കൈനിക്കരയും ഉദ്ഘാടനം ചെയ്തു.


ജനപ്രതിനിധികൾ തീരദേശ കോളേജുകളിലെയും ഹയർ സെക്കണ്ടറി സ്കൂളുകളിലെയും എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ എസ്.പി.സി അംഗങ്ങൾ ഹരിത കർമ്മസേന, യൂത്ത് ടീമംഗങ്ങൾ, സംഘാടക സമിതിയിലെ പ്രാദേശിക ജനങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.