നാടിന് അന്നമേകി കുഞ്ചുപിള്ള സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചൺ

post

ആലപ്പുഴ: അശരണർക്കും നാടിനും ആശ്രയമായി മാറുകയാണ് അമ്പലപ്പുഴ കെ. കെ. കുഞ്ചുപിള്ള സ്കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന് കീഴിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ വഴി പ്രതിദിനം നൂറ്റി ഇരുപതോളം ആളുകൾക്കാണ് ഭക്ഷണം നൽകുന്നത്. മുപ്പതിനടുത്ത് അതിഥി തൊഴിലാളികൾക്കും ദിവസേന ഇവിടെ നിന്നും ഭക്ഷണം നൽകുന്നുണ്ട്.

പാലക്കാട്‌ കൊഴിഞ്പാഞാംറ സ്വദേശികളായ രണ്ടു കുടുംബത്തിലെ നാല് വയസുകാരൻ ഉൾപ്പടെ 13 പേര് കൊട്ട നെയ്യാനായി അമ്പലപ്പുഴയിൽ തെരുവോരത്ത് കഴിയുമ്പോളായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തിരിച്ച് നാട്ടിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയിൽ ഇനി എന്ത് എന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ  നേതൃത്വത്തിൽ സ്കൂളിൽ താമസവും ഭക്ഷണവും നൽകി ഇവരെ സംരക്ഷിച്ചത്. ഇവരെക്കൂടാതെ ഭിക്ഷാടനത്തിനും മറ്റുമായി തമിഴ്നാട്ടിൽ നിന്നുമെത്തിയവർ ഉൾപ്പെടെ 28 പേർക്കും സ്കൂളിൽ താമസ സൗകര്യം ഒരുക്കി നൽകിയിട്ടുണ്ട്. ഇവരിൽ നാല് കുട്ടികളും ഉൾപ്പെടും.

വീടുകളിൽ കരുതൽ നിരീക്ഷണത്തിലുള്ളവർ, ലോക്ക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവർ, ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവർ, അതിഥി തൊഴിലാളികൾ, ക്യാമ്പിലുള്ളവർ തുടങ്ങി 126 പേർക്കാണ് ഇന്ന് കമ്മ്യൂണിറ്റി കിച്ചനിലൂടെ ഉച്ചഭക്ഷണം നൽകിയത്. ജനകീയ ഭക്ഷണ ശാലയായ പാഥേയത്തിലൂടെ 20 രൂപ നിരക്കിൽ 152 പേർക്കും ഭക്ഷണം നൽകി. ഇതിനു പുറമെ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണു ലാലിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുലാൽ, വൈസ് പ്രസിഡന്റ്‌ ശ്രീജ രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ രതിയമ്മ, അഡ്വ. ആർ ശ്രീകുമാർ, മെമ്പറായ ജിത്തു കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജിത് കാരിക്കൽ, വോളണ്ടിയേഴ്സായ ശ്രീലാൽ, ഫ്രമിൽ, മിഥുൻ,  അനു, പ്രമോദ്, ജീവൻ എന്നിവരാണ് കമ്മ്യൂണിറ്റി കിച്ചണ് നേതൃത്വം നൽകുന്നത്.