കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു

പാലക്കാട് കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പുതിയ വനശ്രീ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ സഹായത്തോടെ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലാണ് ഷോപ്പ് ആരംഭിച്ചത്. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഉള്‍വനങ്ങളില്‍നിന്ന് ശേഖരിക്കുന്ന വനവിഭവങ്ങളും ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ കൃഷി ചെയ്യുന്ന വിവിധ തരം ധാന്യങ്ങളും മല്ലീശ്വര വന്ദന്‍ വികാസ് കേന്ദ്രയുടെ അട്ടപ്പാടി തേന്‍, ചെറുതേന്‍, കേരളത്തിലെ വിവിധ എഫ്.ഡി.എ(ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി)കളില്‍നിന്ന് ശേഖരിച്ച വന ഉത്പന്നങ്ങള്‍, മറയൂര്‍ ചന്ദന തൈലം തുടങ്ങിയവ വനശ്രീ ഇക്കോ ഷോപ്പില്‍ ലഭിക്കും. ദിവസവും രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഇക്കോ ഷോപ്പ് പ്രവര്‍ത്തിക്കുക.
കാഞ്ഞിരപ്പുഴ ഉദ്യനത്തിലെ പുതിയ വനശ്രീ ഇക്കോ ഷോപ്പ് കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമചന്ദ്രന്‍, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍കുട്ടി, മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു. ആഷിഖ് അലി, ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി കോ-ഓര്‍ഡിനേറ്റര്‍ വി.പി. ഹബ്ബാസ്, ജനപ്രതിനിധികള്‍, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍, ഉദ്യാന കമ്മറ്റി അംഗങ്ങള്‍, വന സംരക്ഷണ സമിതി അംഗങ്ങള്‍, വകുപ്പ് തല ജീവനക്കാര്‍ പങ്കെടുത്തു. ഫോണ്‍: 9946558053.