ജില്ലയിലെ 95 തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണുകൾ സജ്ജം

post

പാലക്കാട് : ജില്ലയിൽ 88 പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലുമായി മാർച്ച് 28 വരെ 95 കമ്മ്യൂണിറ്റി കിച്ചൺ സെന്റുകൾ തുടക്കമിട്ടതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. വരും ദിവസങ്ങളിൽ 20 കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകൾ കൂടി യാഥാർത്ഥ്യമാക്കും. കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട സർക്കാർ നിബന്ധനകൾ എല്ലാവരും കർശനമായി പാലിക്കണം. പ്രളയകാലത്തെ പോലെ അധികം ആളുകൾ കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകളിൽ തങ്ങാൻ പാടില്ല. ആവശ്യത്തിന് രണ്ടോ മൂന്നോ പേർ മാത്രം ഉണ്ടായാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.


ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല കലക്ടറുടെ ചേംബറിൽ കലക്ടർ ഡി. ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത എന്നിവരുമായി നടത്തിയ അടിയന്തര യോഗത്തിലാണ് ഈ കാര്യങ്ങൾ തീരുമാനിച്ചത്.