ക്ഷീര കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

post

ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളുമായി കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കൗലിഫ്റ്റ് വിതരണം, ക്ഷീര സമൃദ്ധി, വീട്ടുപടിക്കല്‍ മൃഗചികിത്സ പദ്ധതി, കാലിത്തീറ്റ വിതരണം എന്നീ നാല് ഇനം പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്.

രോഗബാധ മൂലമോ, മറ്റ് അത്യാഹിതം മൂലമോ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത കന്നുകാലികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കിടത്താനുള്ള യന്ത്രമാണ് കൗലിഫ്റ്റ്. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ കൗലിഫ്റ്റ് യന്ത്രങ്ങള്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നു വീതം വിതരണം ചെയ്തു. 2,57,000 രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. ക്ഷീര സമൃദ്ധി മുഖേന അഞ്ചു പഞ്ചായത്തുകളിലെ 1200 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. പദ്ധതി നടത്തിപ്പിലേക്ക് 13 ലക്ഷം രൂപയാണ് വകയിരുത്തിയത്. കാലിത്തീറ്റ വിതരണം പദ്ധതിക്ക് എട്ടു ലക്ഷത്തോളം രൂപയാണ് വകയിരുത്തിയത്. 50 ശതമാനം തുക ഗുണഭോക്താക്കള്‍ അടയ്ക്കണം. രണ്ട് ചാക്ക് കാലിത്തീറ്റ വിധം 700 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി മുഖേന പ്രയോജനം ലഭിക്കുക.

മൃഗ ചികിത്സാ സംവിധാനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വീട്ടുപടിക്കല്‍ മൃഗചികിത്സ പദ്ധതി. വെറ്ററിനറി സര്‍ജന്‍, പാരാ വെറ്ററിനറി സ്റ്റാഫ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നിവരുടെ സേവനം മൊബൈല്‍ യൂണിറ്റിലുണ്ടാകും. ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തന സമയം. ചികിത്സ, രോഗ നിര്‍ണയം, കൃത്രിമ ബീജാധാന സൗകര്യം, ശസ്ത്രക്രിയ എന്നിവയ്ക്കുള്ള സൗകര്യവും മൊബൈല്‍ യൂണിറ്റുകളില്‍ ഉണ്ട്. മൂന്നാം വര്‍ഷമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇതുവരെ രണ്ടായിരത്തില്‍ അധികം ആളുകള്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ സേവനം കൈപ്പറ്റിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ പറഞ്ഞു. പൂര്‍ണ്ണമായും സൗജന്യമായാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 11 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ പദ്ധതി നടത്തിപ്പിനായി വകയിരുത്തിയിട്ടുള്ളത്.


ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും വകുപ്പുകളും നല്‍കുന്ന സേവനങ്ങള്‍ കാര്യമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താക്കള്‍ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.