ബേക്കൽ ബീച്ച് ഫെസ്റ്റിവലിനെ വരവേൽക്കാൻ തയ്യാറെടുത്ത് റെഡ് മൂൺ ബീച്ച് പാർക്ക്

post

കാസർഗോഡ് ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് കൊടി ഉയരാൻ ഇനി പത്ത് നാൾ മാത്രം. രണ്ടാം സ്റ്റേജ് സജ്ജമാക്കുന്ന റെഡ് മൂൺ ബീച്ച് പാർക്ക് സന്ദർശകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇത്തവണ ബീച്ച് ഫെസ്റ്റിവലിലേക്ക് വരാൻ ബേക്കൽ ബീച്ച് പാർക്കിലും റെഡ് മൂൺ ബീച്ച് പാർക്കിലുമായി അഞ്ച് പ്രവേശന മാർഗ്ഗങ്ങളാണ് ഒരുക്കുന്നത്. എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം കൂടി ഉണ്ടായിരിക്കും.

ബീച്ച് ഫെസ്റ്റിവലിൽ വൻ ജനപ്രവാഹം പ്രതീക്ഷിക്കുന്നതിനാൽ റെഡ് മൂൺ ബീച്ചിലും സന്ദർശകർക്കായി പുതമയുള്ള അമ്യൂസ്മെന്റ് റൈഡുകളും വിവിധ ഭക്ഷണ സ്റ്റാളുകളും അധികമായി ഒരുക്കി വരികയാണ്.

നിലവിൽ ചിൽഡ്രൻസ് പാർക്ക്, അമ്യൂസ്മെന്റ് റൈഡ്, വാട്ടർ സ്പോർട്സായ സ്പീഡ് ബോട്ട്, ജസ്കീ എന്നിവയും ബി.ആർ.ഡി.സിയുടെ റെഡ് മൂൺ ബീച്ച് പാർക്കിൽ പ്രവർത്തിച്ച് വരുന്നുണ്ട്.

പത്ത് ദിവസത്തെ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷണ സ്റ്റാളുകളും മറ്റ് ഉൽപന്നങ്ങൾക്കായുള്ള സ്റ്റാളുകളും നൽകി വരുന്നുണ്ട്‌. സ്റ്റാൾ ആവശ്യമുള്ളവർക്ക് റെഡ് മൂൺ ബീച്ച് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ബന്ധപ്പെട്ടവർ അറിയിച്ചു.