നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണും: മുഖ്യമന്ത്രി

post

സംസ്ഥാനത്തെ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷൊർണൂർ മണ്ഡലത്തിലെ നവകേരള സദസ് ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലറയുടെ നാടായ പാലക്കാട്ടെ നെൽകർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായാണ് എടുത്തിട്ടുള്ളത്. സർക്കാർ തലത്തിൽ ബാങ്കുകളുമായി ചർച്ചകൾ നടത്തി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി. നെൽകർഷകർക്ക് ഒരുതരത്തിലുമുള്ള പ്രയാസമുണ്ടാകാത്ത പരിഹാരത്തിനാണ് ഇടപെടലുണ്ടായതെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ നാട്ടിൽ കാലാനുസൃതമായ പുരോഗതി ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രവർത്തന പരിപാടി ഓരോന്നായി പൂർത്തീകരിച്ച് പോവുകയാണ്. ജനങ്ങൾ കാണിച്ച ഒരുമയും ഐക്യവും കൊണ്ടാണ് നാം പ്രതിസന്ധികളെ നേരിട്ടതെന്നും അസാധ്യമായതൊന്നുമില്ലെന്ന സന്ദേശമാണ് കേരളം ഉയർത്തിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൊച്ചി - ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതി വരുന്നതോടെ സംസ്ഥാനത്തിൻ്റെ മുഖച്ഛായ തന്നെ മാറും. പദ്ധതിയുടെ ഗുണം ഏറെ ലഭിക്കുന്നത് പാലക്കാട്, എറണാകുളം ജില്ലകളിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ പി. മമ്മിക്കുട്ടി എം.എൽ.എ. അധ്യക്ഷനായി. ക്ഷീര വികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മട്ടന്നൂർ ശങ്കരൻകുട്ടി, രാമചന്ദ്ര പുലവർ, അന്താരാഷ്ട്ര പുരസ്കാര ജേതാവായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖർ എന്നിവർ സന്നിഹിതരായി.