ചക്കുളത്ത് കാവ് പൊങ്കാല: സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കും

post

നവബംർ 27ന് നടക്കുന്ന ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.

വിവിധ ഡിപ്പോകളിൽ നിന്നും പ്രത്യേക സർവ്വീസ് കാര്യക്ഷമമായി ഏർപ്പെടുത്തും. തിരുവല്ല ഡിപ്പോയിൽ നിന്നും നവംബർ 26, 27 തീയതികളിൽ സ്‌പെഷ്യൽ ചെയിൻ സർവീസുകളും എടത്വ ഡിപ്പോയിൽ നിന്നും ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാർ വഴി ചങ്ങനാശേരി, എടത്വ- നെടുമുടി എന്നീ സ്‌പെഷ്യൽ സർവീസുകളും ആലപ്പുഴയിൽ നിന്നും കിടങ്ങറ- മുട്ടാർ വഴിയും ചമ്പക്കുളം വഴി പ്രത്യേകം ചക്കുളത്തുകാവിലേക്ക് സ്‌പെഷ്യൽ സർവീസുകളും നടത്താൻ തീരുമാനമായി.

നവംബർ 25 മുതൽ 27 വരെ ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലും പൊങ്കാല അടുപ്പുകളുമായി ഇരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ട്രാഫിക്ക് നിയന്ത്രണവും ക്രമസമാധാനവും പൊലീസ് ഉറപ്പാക്കും.

നവംബർ 25 മുതൽ 27 വരെ പൊങ്കാല നിരക്കുന്ന പ്രദേശങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടി എടുക്കും. എല്ലാ വഴിവിളക്കും പ്രവർത്തനക്ഷമമാക്കും.

ക്ഷേത്രപരിസര പ്രദേശങ്ങളിലും തിരുവല്ല-എടത്വ ലൈനിലും നവംബർ 25 മുതൽ എല്ലാ സമയവും നല്ല ഫോഴ്‌സിൽ ശുദ്ധജലം ലഭ്യമാക്കും. പൊതുതാൽപര്യം മുൻ നിർത്തി പറ്റുന്നവിധം സൗജന്യമായി താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കും. തിരുവല്ലയിൽ നിന്നും ടാങ്കുകളിൽ ശുദ്ധജലം നവംബർ 25 മുതൽ 27 വരെ തീയതികളിൽ നിറക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. നവംബർ 26 പകലും രാത്രിയിലും തിരുവല്ലയിൽ നിന്നും ടാങ്കർ ലോറികളിൽ വെള്ളം നിറച്ചു കൊടുക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി ജീവനക്കാരെ നിയോഗിക്കും. നവംബർ 25 മുതൽ 27 വരെ കറ്റോട്ടു നിന്നുള്ള പമ്പിങ് തടസം ഇല്ലാതെ തുടർച്ചയായി ഓപ്പറേറ്റ് ചെയ്യണം.വീയപുരത്തുനിന്നു കുടി ശുദ്ധജലം ലഭ്യമാക്കും.

കഴിഞ്ഞ വർഷങ്ങളിലെ രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ലഭ്യമാക്കും. തലവടി, എടത്വ, മുട്ടാർ, തകഴി ഗ്രാമപഞ്ചായത്തുകൾ എല്ലാ വഴി വിളക്കുകളും പ്രവർത്തനക്ഷമമാക്കും. ഫോഗിങ്ങിനുള്ള ക്രമീകരണം ചെയ്യണം. എക്‌സൈസ് വ്യാജമദ്യം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും.

നവംബർ 26, 27 തീയതികളിൽ ക്ഷേത്ര പരിസരത്ത് അത്യാവശ്യ മരുന്നുകൾ ഉൾപ്പടെ രണ്ട് ഡോക്ടർമാരുടെ ഫുൾടൈം സേവനം ലഭ്യമാകുന്ന താൽക്കാലിക ക്ലിനിക് പ്രവർത്തിപ്പിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കും. 26ന് രാവിലെ മുതൽ രണ്ട് ആംബുലൻസ് എല്ലാവിധ സജ്ജീകരണങ്ങളോടുകുടി ക്ഷേത്ര പരിസരത്ത് ക്യാമ്പ് ചെയ്യാൻ നിർദേശം നൽകി.

കിടങ്ങറാ- മുട്ടാർ റോഡിലുള്ള കുഴികൾ അടിയന്തരമായി പാച്ച് വർക്ക് ചെയ്ത് നിരപ്പാക്കിതരാൻ പൊതുമരാത്തിന് നിർദ്ദേശം നൽകി. എ.ഡി.എം.എസ് സന്തോഷ്‌കുമാർ യോഗത്തിൽ അധ്യക്ഷനായി.