മാലിന്യമുക്ത നവകേരളം: കാസർഗോഡ് ജില്ലാ ആശുപത്രിക്ക് ശാസ്ത്രീയ ഉപകരണം നൽകി വിദ്യാർഥികൾ

post

സംസ്ഥാന തലങ്ങളിൽ നടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിക്ക് ശാസ്ത്രീയ പിന്തുണയുമായി ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതിന് ഓട്ടോമാറ്റിക് വോയിസ് അനൗൺസ്മെന്റ് സിസ്റ്റം നൽകിയാണ് മാലിന്യമുക്ത പദ്ധതിക്ക് കൈത്താങ്ങായത്.

കാസർഗോഡ് ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിനോട് ചേർന്ന് നാപ്കിൻ, പഞ്ഞി തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് മഞ്ഞ നിറത്തിലുള്ള ബോക്സ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ചുവപ്പ് നിറത്തിലുള്ള ബോക്സ്, ഭക്ഷണമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പച്ചനിറത്തിലുള്ള ബോക്സ് എന്നിവ സ്ഥാപിക്കുകയും മാലിന്യവുമാണ് എത്തുന്നവർക്ക് അവ കൃത്യമായി തയ്യാറാക്കിയ ബോക്സിൽ തന്നെ നിക്ഷേപിക്കുന്നതിന് പരസഹായം ഇല്ലാതെ നിർദ്ദേശം നൽകുന്ന രീതിയിലുള്ള ഉപകരണമാണ് അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്താൽ ദുർഗ എച്ച്.എസ്.എസിലെ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയത്.

പഠനത്തോടൊപ്പം കുട്ടികളിലെ ശാസ്ത്രീയമായ കഴിവുകൾ കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനവും ശാസ്ത്രീയവുമായ കണ്ടെത്തലുകളിലേക്ക് നയിക്കുന്നതിനും അത്തരം കണ്ടെത്തലുകൾ സമൂഹ നന്മയ്ക്ക് ഉപകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടത്തുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ജില്ലാ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു.