കുഷ്ഠരോഗ നിര്‍മാര്‍ജനം: ബാലമിത്ര 2.0 ക്യാമ്പയിന്‍ 20 മുതല്‍
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധ ചികിത്സ നടപടികള്‍ സ്വീകരിക്കുന്നതിനുമായി പാലക്കാട് ജില്ലയില്‍ ബാലമിത്ര 2.0 ക്യാമ്പയിന്‍ സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെ നടത്തുന്നു. രോഗം തുടക്കത്തില്‍ കണ്ടെത്തി ചികിത്സ നല്‍കി അംഗവൈകല്യവും രോഗ പകര്‍ച്ചയും ഇല്ലാതാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെയാണ് ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പുതിയ 211 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.
സ്‌കൂള്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് പരിപാടിയെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വിശദീകരിക്കുകയും കുട്ടികള്‍ വീടുകളില്‍ പോയി രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകള്‍, പാടുകള്‍, മാര്‍ഗങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ലാസ് അധ്യാപകരെ അറിയിക്കുകയും വേണം. ലക്ഷണങ്ങളുള്ള കുട്ടികളുടെ പട്ടിക അധ്യാപകര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറും. മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടര്‍പരിശോധനകള്‍ക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തും.
വായുവിലൂടെ രോഗ സംക്രമണം നടത്തുന്ന പകര്‍ച്ചാവ്യധിയാണ് കുഷ്ഠം. ചികിത്സ സ്വീകരിക്കാത്ത രോഗബാധിതര്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന രോഗാണുക്കള്‍ വഴിയാണ് രോഗം പകരുന്നത്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന തടിച്ചതോ സ്പര്‍ശനശേഷി കുറഞ്ഞതുമായ പാടുകളാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വകുപ്പ് കൂടാതെ തദ്ദേശഭരണ വകുപ്പ്, പട്ടികവര്‍ഗ്ഗ തൊഴില്‍ വകുപ്പ് പോലുള്ള വിവിധ വകുപ്പുകളുടെയും സഹായത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബാലമിത്ര 2.0 നടത്തുന്നത്. ബാലമിത്ര 2.0 നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.