കുപ്പിവെള്ളം വില കൂട്ടി വിറ്റതിന് അഞ്ച് കേസ്; മാസ്‌കിന് വില കൂട്ടി വില്‍പ്പനയ്ക്ക് 15000 രൂപ പിഴ

post

അമിത വില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പ്  ജില്ലയില്‍ കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ 225  പരിശോധനകള്‍ നടത്തി. മാസ്‌ക്, സാനിറ്റൈസര്‍, കുപ്പി വെള്ളം എന്നിവയോടൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും അവസരം ഉപയോഗിച്ച് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു.

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിനു ആലപ്പുഴ, മാവേലിക്കര,ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നും 5 കേസുകള്‍ എടുക്കുകയും 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ആലപ്പുഴ മാവേലിക്കര എന്നിവിടങ്ങളില്‍ മാസ്‌കിന് വില കൂട്ടി വിറ്റതിന് 15,000 രൂപ ഈടാക്കി. മാസ്‌ക്കിന് വില കൂട്ടി വിറ്റതിന് ക്യഷ്ണപുരം കാപ്പിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ നടപടി ആരഭിച്ചു. പരമാവധി വില്പ്പന വില 1600 രൂപ രേഖപ്പെടുത്തിയിരിക്കുന്ന മാസ്‌ക് പാക്കറ്റ് ഉല്പ്പാദകന്‍ തന്നെ വിതരണക്കാരന് വിറ്റത് 6000 രൂപയ്ക്കും ഇയാള്‍ മെഡിക്കല്‍ സ്റ്റോറിന് നല്കിയത് 9000 രൂപയ്ക്കും മെഡിക്കല്‍ സ്റ്റോര്‍ റീട്ടെയില്‍ വില്ല്പ്പന നടത്തിയത് 16000 രൂപയ്ക്കും ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെ  നിയമ നടപടികള്‍ ആരഭിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റ് വില ഉയര്‍ത്തി വിറ്റതിന് ആലപ്പുഴയിലും ചേര്‍ത്തലയിലും 2 കേസുകള്‍ കണ്ടെത്തി 10,000 രൂപ പിഴ ഈടാക്കി. എന്നാല്‍ പലയിടങ്ങളിലും ആരും നിര്‍ബന്ധിക്കാതെ തന്നെ കുപ്പി വെള്ളം 10 രൂപയ്ക്ക് വില്ക്കുന്നതും പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എം.ആര്‍.ശ്രീകുമാര്‍, എസ്.ഷേക്ക് ഷിബു എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ  പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്റ്റര്‍ ഷൈനി വാസവന്‍, ഇന്‍സ്‌പെക്റ്റാര്‍മാരായ കെ.കെ.ഉദയന്‍, ബി.മുരളീധരന്‍പിള്ള ഇന്‍സ്‌പെക്റ്റിങ്ങ് അസിസ്റ്റന്റ്മാരായ എസ്,പ്രേംകുമാര്‍, ഡി. പ്രസാദ്, ബേബി.കെ.എസ്. എന്നിവര്‍ പങ്കെടുത്തു.