തേന്‍ ശേഖരിക്കുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നല്‍കി

post

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതിയുടെ ഭാഗമായി തേന്‍ ശേഖരിക്കുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നല്‍കി. വയനാട് തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍, തുണ്ടുകാപ്പ് കാട്ടുനായ്ക്ക ഗോത്ര സങ്കേതങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം നൽകിയത്.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തേന്‍ ശേഖരണത്തിലുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ചും പരിശീലനം നല്‍കും. തുടര്‍ന്ന് ശേഖരിക്കുന്ന ഘട്ടത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ആയുധങ്ങളും ഉപകരണങ്ങളും നല്‍കും. രണ്ടാംഘട്ടത്തില്‍ ഇവയുടെ ശാസ്ത്രീയമായ സംസ്‌കരണത്തെക്കുറിച്ചും കൂടുതല്‍ മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ആവശ്യമായ പരിചരണ സംവിധാനത്തെക്കുറിച്ചുള്ള പരിശീലനവും ആവശ്യമായ ഉപകരണങ്ങളും നല്‍കും. അടുത്തഘട്ടത്തില്‍ ഇവയുടെ വിപണനത്തിനും ബ്രാന്‍ഡിങ്ങിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും പദ്ധതിയുടെ ഭാഗമായി നല്‍കും. മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ പ്രാക്തന ഗോത്ര ജനവിഭാഗങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.


അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ടി.കെ മനോജ് പരിശീലനം ഉദ്ഘാടനം ചെയ്തു. വനങ്ങളില്‍ തേന്‍ശേഖരണത്തിന് പോകുമ്പോള്‍ പാലിക്കേണ്ട നിയമത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എ. രാമകൃഷ്ണന്‍ ക്ലാസ്സെടുത്തു.