ഓണത്തെ വരവേല്‍ക്കാന്‍ ബ്രാന്‍ഡ് വയനാടും

post

വയനാട് ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 'ഈ ഓണം ബ്രാന്‍ഡ് വയനാടിനൊപ്പം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലുടെ വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഘട്ടംഘട്ടമായി ജനങ്ങളില്‍ എത്തിക്കും.

ബ്രഹ്‌മഗിരി ഡവലപ്മെന്റ് സൊസൈറ്റി, ഭക്ഷ്യശ്രീ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എന്നിവയുമായി സഹകരിച്ച് ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് വയനാട് എന്ന ലേബലില്‍ പ്രത്യേകം സജ്ജീകരിച്ച വണ്ടികളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കും. അച്ചാറുകള്‍, കോഫി ഉല്‍പ്പന്നങ്ങള്‍, ചിപ്സുകള്‍, ചക്ക ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിവിധതരം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, വിവിധതരം അരികള്‍ എന്നിങ്ങനെ മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനായി ക്രമീകരിച്ചിരിക്കുന്നത്.