നെല്ല് കൊയ്ത്ത് ,സംഭരണം; തടസ്സങ്ങള്‍ നീക്കിയതായി മന്ത്രിതല യോഗം

post

 • കൊയ്ത്തിനും സംഭരണത്തിനും പ്രത്യേക പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തും

 • നെല്ല് കൊണ്ടുപോകുന്ന ലോറികള്‍ പൊലീസ് തടയില്ല 

ആലപ്പുുഴ: കുട്ടനാട് മേഖലയിലെ നെല്ല് കൊയ്ത്തും സംഭരണുവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍  തീരുമാനം.  ആലപ്പുുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന  മന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.. നെല്ലിന്റെ വിളവെടുപ്പും സംഭരണവും അവശ്യസേവനങ്ങളായി തീരുമാനിച്ച മന്ത്രിസഭാതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങളില്‍  തീരുമാനങ്ങളെടുക്കാന്‍,  ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനും  ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുുമന്ത്രി പി.തിലോത്തമനും കൃഷി വകുപ്പുുമന്ത്രി വി.എസ്.സുനില്‍കുമാറും പങ്കെടുത്ത  യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. നെല്ല് കൊയ്ത്ത്, സംഭരണ നടപടികള്‍ തടസ്സമില്ലാതെ തുടരും.  തടസ്സങ്ങളെല്ലാം നീക്കി എത്രയും വേഗം കൊയ്ത്ത്  പൂര്‍ത്തിയാക്കാന്‍  യോഗം  തീരുമാനിച്ചു.

ജില്ലയില്‍ ഇപ്പോള്‍ മുന്നൂറോളം കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെന്നും അക്കാര്യത്തില്‍ കുറവ് വരാതെ സഹകരിക്കാമെന്നും കൊയ്ത്ത്  യന്ത്രങ്ങളുടെ കരാറുകാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കുട്ടനാട്ടിലെ ഉള്‍പ്പെടെയുള്ള നെല്ല് കൊയ്ത്തും സംഭരണവും ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമായാണ് സര്‍ക്കാര്‍ കാണുന്നത്. ലോറിയുടെയും ഡ്രൈവര്‍മാരുടെയും അപര്യാപ്തതയ്ക്ക് പരിഹാരം കാണുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഏതെങ്കിലും മില്ലുടമകള്‍ക്ക് ലോറിയുടെ അപര്യാപ്തത ഉണ്ടായാല്‍ അത് കളക്ടറെ അറിയിക്കാനും അത് പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കി. മില്ലുടമകള്‍ നെല്ല് സംഭരിക്കുന്നതിന്  ഏതെങ്കിലും വിധത്തില്‍ താമസം നേരിട്ടാല്‍ നിലവില്‍ കൊയ്ത്ത് കഴിഞ്ഞ  നെല്ല് സംഭരിച്ച് സര്‍ക്കാര്‍ കണ്ടെത്തുന്ന ഗോഡൗണുകളിലേക്ക് മാറ്റും.

കര്‍ഷകന് ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടാകില്ലെന്നും യോഗത്തില്‍ മന്ത്രിമാര്‍ അറിയിച്ചു.   ഫെബ്രുവരി അഞ്ചിന് ജില്ലയിലെ  കൊയ്ത്ത് ആരംഭിച്ചുവെന്നും  പകുതിയോളം പാടങ്ങളിലെ കൊയ്ത്ത് പൂര്‍ത്തിയാക്കി സംഭരണം നടത്തിയിട്ടുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ യോഗത്തില്‍ പറഞ്ഞു.   മില്ലുടമകള്‍ നെല്ല് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് നെല്ല് സംഭരണം  സുഗമമായ നിലയിലേക്ക് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഈ യോഗത്തിലെ  തീരുമാനങ്ങള്‍ മൂന്നു ജില്ലകള്‍ക്കും ബാധകമായിരിക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ കളക്ടര്‍മാര്‍  യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനും യോഗത്തില്‍ തീരുമാനമായി.  ജില്ലയിലെ പ്രശ്‌നങ്ങളുള്ള  പാടശേഖരങ്ങളിലെ സംഭരണം പൂര്‍ത്തിയായതായി മന്ത്രി പി.തിലോത്തമന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ കൊയ്ത്ത് കഴിഞ്ഞുള്ള കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും  1200 ലോഡ് നെല്ല്  10 ദിവസത്തിനകം സംഭരിച്ച് നീക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഏപ്രിലോടെ 80% നെല്ലും സംഭരിക്കും.  മെയ് പതിനഞ്ചോടെ  മിക്കവാറും നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കൃഷി മന്ത്രി പറഞ്ഞു.

കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ നെല്ല് സംഭരണത്തിന് നിയോഗിക്കുന്ന കയറ്റിറക്ക് തൊഴിലാളികള്‍ക്കും ലോറി ഡ്രൈവര്‍മാര്‍ക്കും കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാര്‍ക്കും  ബാധകമായ പ്രത്യേക പ്രോട്ടോകോള്‍ പോലീസിന്റെ സഹകരണത്തോടുകൂടി ജില്ലാ കളക്ടര്‍ തയ്യാറാക്കി നല്‍കും. തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. മാസ്‌ക് നല്‍കും.  പരസ്പരം പാലിക്കേണ്ട അകലം  സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോള്‍ ഇവര്‍ക്ക് വേണ്ടി തയ്യാറാക്കും. ഡ്രൈവര്‍മാര്‍, കൊയ്ത്ത് യന്ത്രം ഓടിക്കുന്നവര്‍, റിപ്പയര്‍ തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ഈ പ്രോട്ടോകോള്‍ ബാധകമായിരിക്കും. നെല്ല് സംഭരണത്തിന്റെ ഭാഗമായി പ്രത്യേക ഗോഡൗണിലേക്ക് മാറ്റേണ്ടി വരുന്ന  സാഹചര്യം ഉണ്ടായാല്‍  അതിന്റെ അധിക ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കൃഷി മന്ത്രി ചൂണ്ടിക്കാട്ടി. 

ലോറികളില്‍ ലോഡ് കൊണ്ടുവരുമ്പോഴും കൊയ്ത്തുയന്ത്രം നീക്കുമ്പോഴും ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പാസ് നല്‍കും. ഇതിന്റെ മേല്‍നോട്ടം ജില്ല ഭരണകൂടം പൊലീസുമായി ചേര്‍ന്ന് നിര്‍വഹിക്കും. ഇവരെ വഴിയില്‍ തടയാതിരിക്കാനുള്ള പ്രത്യേക നിര്‍ദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്.  ലോറികളില്‍ നെല്ല് സംഭരണം എന്ന് ബോര്‍ഡ് വയ്ക്കാനും നിര്‍ദ്ദേശിച്ചു. നെല്ല് ഗോഡൗണിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഹാള്‍, ഓഡിറ്റോറിയം എന്നിവ കണ്ട് വയ്കുുന്നതിന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.അഞ്ജന,  പ്രതിപക്ഷനേതാവിന്റെ  പ്രതിനിധി ജോണ്‍ തോമസ്, എ.എസ്.പി. ബി.കൃഷ്ണകുമാര്‍, മില്ലുുടമകളുടെ പ്രതിനിധി, കൃഷി വകുപ്പ് , സപ്ലൈകോ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു