മഴക്കെടുതി: ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

post

മഴക്കെടുതി മൂലം ജൂലൈ ഒന്ന് മുതല്‍ 25 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. 530 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. തെങ്ങ്, വാഴ, പച്ചക്കറികള്‍, റബ്ബര്‍, കമുക്, ഏലം, നിലക്കടല കൃഷികളെയാണ് മഴ പ്രധാനമായും ബാധിച്ചത്. വാഴകൃഷിക്കാണ് കൂടുതല്‍ നാശം സംഭവിച്ചത്.

കുലച്ച 35,085 വാഴയും, കുലക്കാത്ത 14,075 വാഴയും നശിച്ചു. ടാപ്പ് നടക്കുന്ന റബ്ബര്‍ 329 എണ്ണവും ടാപ്പ് ചെയ്യാത്ത റബ്ബര്‍ 200 എണ്ണവും നശിച്ചിട്ടുണ്ട്. തെങ്ങ്-112, കമുക്-370, നിലക്കടല-0.800 ഹെക്ടര്‍, പച്ചക്കറി കൃഷി- 0.680 ഹെക്ടര്‍, ഏലം-0.100 ഹെക്ടര്‍, എള്ള്-0.290 ഹെക്ടര്‍, കുരുമുളക് വള്ളികള്‍-50 എന്നിങ്ങനെയാണ് നാശമുണ്ടായത്. അഗളിയിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശം സംഭവിച്ചിരിക്കുന്നത്. 208 കര്‍ഷകരുടെ 10.74 ഹെക്ടര്‍ കൃഷിക്ക് നാശം സംഭവിച്ചു. കൊല്ലങ്കോട് 8.20 ഹെക്ടര്‍ കൃഷിയും മണ്ണാക്കാര്‍ക്കാട് 6.90 ഹെക്ടര്‍, ഷൊര്‍ണൂര്‍ 6.02 ഹെക്ടര്‍ കൃഷിക്കും നാശം സംഭവിച്ചു.