ഗോത്ര മേഖലയില്‍ തൊഴിലവസരം ഒരുക്കാന്‍ കുടുംബശ്രീ

post

കുടുംബശ്രീ വയനാട് പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെയും കേരള നോളേജ് ഇക്കോണമി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗോത്ര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായി നടത്തുന്ന 'മുന്തറ' ക്യാമ്പയിന് വെള്ളമുണ്ട സി.ഡി.എസില്‍ തുടക്കമായി. ഗോത്ര മേഖലയിലെ യുവജനങ്ങളെ തൊഴിലിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്.

കാട്ടുനായ്ക്ക ഭാഷയില്‍ മുന്നോട്ട് എന്നാണ് 'മുന്തറ' എന്ന വാക്കിന്റെ അര്‍ത്ഥം. ജില്ലയില്‍ നിന്നും വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ രംഗത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാരിന്റെ ഡി.ഡബ്യു.എം.എസ് പോര്‍ട്ടല്‍ വഴി തൊഴിലവസരം ഒരുക്കി ഗോത്രമേഖലയിലെ ആയിരത്തോളം പേര്‍ക്ക് ക്യാമ്പയിന്‍ വഴി തൊഴില്‍ നേടിക്കൊടുക്കും. ഊരുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെ നിരവധി പേര്‍ക്ക് വിവിധ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ. സര്‍ക്കാര്‍ സര്‍വീസിലേക്ക് എത്തുന്നതിന്റെ ആദ്യപടിയായി പി.എസ്.സി രജിസ്ട്രേഷന്‍, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുള്ള പ്രത്യേക പരിശീലനങ്ങള്‍ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തും.

പദ്ധതി പ്രവര്‍ത്തനത്തിന്റെ ആദ്യപടിയായി വെള്ളമുണ്ട സി.ഡി.എസില്‍ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഇ.കെ സല്‍മത്ത് അധ്യക്ഷത വഹിച്ചു.