പാലക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് : കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

post

പാലക്കാട് താലൂക്ക് തല വികസന സമിതി യോഗം ചേര്‍ന്നു

പാലക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കര്‍ശന നടപടി സ്വീകരിക്കുന്നതിന് ട്രാഫിക്കിനും ആര്‍.ടി.ഒക്കും പാലക്കാട് താലൂക്ക് തല വികസന സമിതി യോഗത്തില്‍ ആര്‍.ഡി.ഒ നിര്‍ദേശം നല്‍കി. കാണിക്കമാതാ സ്‌കൂളിന്റെ മുന്‍വശത്തെ പെട്രോള്‍ പമ്പിന് എതിര്‍വശം ട്രാഫിക് പ്രശ്‌നമുള്ളതിനാല്‍ സ്‌കൂള്‍ തുടങ്ങുകയും വിടുകയും ചെയ്യുന്ന സമയത്ത് ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും സ്‌കൂളിനകത്തുനിന്നും കുട്ടികളെ കയറ്റാന്‍ ശ്രദ്ധിക്കണമെന്നും കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്ത് അവിടെനിന്നും കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ആര്‍.ഡി.ഒ ട്രാഫിക് വിഭാഗത്തോട് നിര്‍ദേശിച്ചു.

ട്രാഫിക് നിയന്ത്രിക്കുന്നതിന് സിഗ്നല്‍ സംവിധാനം വെയ്ക്കണമെന്നും അതുവരെ ഒരു പോലീസിനെ പ്രസ്തുത സ്ഥലത്ത് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രീയ പ്രതിനിധി വികസന സമിതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബേക്കറിയുടെ പിന്‍വശത്ത് വേനല്‍കാലത്തും മഴക്കാലത്തും വെള്ളക്കെട്ട് ഉണ്ടാവുന്നത് പരിഹരിക്കണമെന്ന് രാഷ്ട്രീയ പ്രതിനിധി സമിതി മുമ്പാകെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡ്രൈനേജ് സംവിധാനവും റോഡ് അറ്റകുറ്റ പണികളും 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ര്‍ നടപടി പൂര്‍ത്തീകരിച്ച് കരാര്‍ വെച്ചിട്ടുണ്ടെന്നും ഡി.പി.സി അംഗീകാരം ലഭിക്കുന്ന മുറക്ക് പ്രവര്‍ത്തി ആരംഭിക്കുമെന്നും നഗരസഭ പ്രതിനിധി അറിയിച്ചു.

മലമ്പുഴ രണ്ട് വില്ലേജ് പരിധിയിലുള്ള അംബേദ്കര്‍ കോളനിയിലെ 10 പട്ടികജാതി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. ഇവിടെ കുടിയിരിപ്പുള്ള മൂന്ന് പേരുടെ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ നല്‍കിയിട്ടുണ്ടെന്നും എസ്.സി വകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്ത് കൊടുക്കണമെന്ന അപേക്ഷ വകുപ്പില്‍നിന്നും വാങ്ങിച്ചശേഷം പ്ലോട്ട് ചെയ്ത് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും തഹസില്‍ദാര്‍ (ഭൂരേഖ) യോഗത്തില്‍ അറിയിച്ചു.

വാഹനങ്ങളുടെ അമിത വേഗത അപകട സാധ്യത കൂട്ടുന്നത് ഒഴിവാക്കാന്‍ മുണ്ടൂര്‍ ചുങ്കം ജങ്ഷനില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുണ്ടൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എന്‍.എച്ച് അതോറിറ്റിക്ക് കത്ത് കൊടുക്കാന്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചു. പൂടൂര്‍ റോഡില്‍ പിരായിരി ഭാഗത്ത് നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നത് കാരണം കൊടുന്തിരപ്പുള്ളി-വെണ്ണക്കര സബ്‌സ്റ്റേഷന്‍ കനാല്‍ റോഡ് വീതികൂട്ടി ബൈപ്പാസാക്കുന്നത് പരിഗണിക്കണമെന്ന് രാഷ്ട്രീയ പ്രതിനിധി ആവശ്യപ്പെട്ടു. കനാല്‍ റോഡിലെ കൈയ്യേറ്റം ഒഴിവാക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അടുത്ത യോഗത്തിനു മുമ്പായി സ്ഥലപരിശോധന നടത്താന്‍ ഭൂരേഖ തഹസില്‍ദാരെയും വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പോലീസിനെ നിര്‍ത്തുന്നതിന് ട്രാഫിക് എസ്.ഐയെയും ആര്‍.ഡി.ഒ ചുമതലപ്പെടുത്തി.