ചെക്പോസ്റ്റ് വഴി എത്തിയവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കും

post

വയനാട് : കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി കേരളത്തിലേക്കുള്ള വാഹനങ്ങളുടെ വരവ് കര്‍ശനമായി നിരോധിച്ചു.

ഇന്നലെ (ചൊവ്വ) രാത്രി വരെ അതിര്‍ത്തിയില്‍ എത്തിയ യാത്രക്കാരെ ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. ഇവരെ ഒരു കാരണവശാലും സ്വന്തം ജില്ലകളിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന്  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അതാത് ഇടങ്ങളില്‍ തന്നെ കഴിയണം. ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതാത് സംസ്ഥാനങ്ങളിലെ ഭരണ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കും. ഇവര്‍ 21 ദിവസം കര്‍ശന നിരീക്ഷണത്തിലായിരിക്കും.