സ്‌കൂള്‍ അങ്കണത്തില്‍ തണലാവാന്‍ 'വിദ്യാവനം'

post

കാസർഗോഡ് ജില്ലയിലെ ഒമ്പത് സ്‌കൂളുകളില്‍ പദ്ധതി

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വനസംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് സ്‌കൂള്‍ പരിസരത്ത് ചെറുവനങ്ങള്‍ സൃഷ്ടിക്കുകയാണ് സാമൂഹ്യ വനവത്കരണ വിഭാഗം. വിദ്യാലയങ്ങളില്‍ വളരെ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള ചെറുവനങ്ങള്‍ അതീവ ജൈവവൈവിധ്യത്തോടെ നട്ടുവളര്‍ത്തിയെടുക്കുന്ന പദ്ധതിയാണ് വിദ്യാവനങ്ങള്‍. വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണര്‍ത്തല്‍ വനവത്ക്കരണ, വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കല്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെയാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.

ഇക്കോ ക്ലബ്, പരിസ്ഥിതി ക്ലബ്, എന്‍.എസ്.എസ് തുടങ്ങിയ സ്‌കൂളുകളിലെ കൂട്ടായ്മകളും വിദ്യാവനത്തിന്റെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നു. മാവ്, പൂവരശ്, നെല്ലി, തേക്ക്, നീലയമരി, വേപ്പ്, താന്നി, നീര്‍മരുത്, ശംഖുപുഷ്പം, പുളി, പൂമരുത്, കുമ്പിള്‍, നീലയമരി തുടങ്ങി വൈവിധ്യമാര്‍ന്ന മരങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളും വിദ്യാവനത്തിലൂടെ വിദ്യാലയങ്ങള്‍ക്ക് തണലേകുകയാണ്.

2020 മുതലാണ് ജില്ലയില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. 2020ല്‍ എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2021ല്‍ അരയി ജി.യു.പി സ്‌കൂളിലും കൂട്ടക്കനി ജി.യു.പി സ്‌കൂളിലും നടപ്പാക്കി. 2022ല്‍ പെരിയ ജി.എച്ച്.എസ്, പെരിയ നവോദയ സ്‌കൂള്‍, രാവണേശ്വരം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ വിദ്യാവനം പദ്ധതി ആരംഭിച്ചു. ഈ വര്‍ഷം കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്, കൂവാറ്റി ജി.യു.പി.എസ് എന്നീ സ്‌കൂളുകളില്‍ പദ്ധതിക്ക് തുടക്കമിട്ടു. കോളിയടുക്കം ജി.യു.പി സ്‌കൂളിലും ഈ വര്‍ഷം പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൂടുതല്‍ സ്ഥലങ്ങളുള്ള വിദ്യാലയങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. സ്‌കൂളിന് അപകട ഭീഷണിയാവാത്ത തരത്തില്‍ വിദ്യാവനത്തിലൂടെ വളര്‍ത്തിയെടുക്കുന്ന മരങ്ങളും കുറ്റിച്ചെടികളും ആവാസ വ്യവസ്ഥയുടെ മികച്ച മാതൃകയാണ് സൃഷ്ടിക്കുന്നത്.