ഇ- മുറ്റം ഡിജിറ്റൽ ലിറ്ററസി; സ്മാർട്ട് ഫോൺ പഠിപ്പിക്കാൻ അധ്യാപകരെത്തും

സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇ മുറ്റം ഡിജിറ്റൽ ലിറ്ററസിയുടെ അധ്യാപക പരിശീലന പരിപാടി പൂർത്തിയായി. സ്മാർട്ട് ഫോൺ സ്മാർട്ടായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പദ്ധതിയാണ് ഇ മുറ്റം ഡിജിറ്റൽ ലിറ്ററസി.
കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന പരിശീലന പരിപാടിയിൽ 32 സന്നദ്ധ അധ്യാപകർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ഒരു വാർഡിൽ ഒരു ഡിജിറ്റൽ ലിറ്ററസി സെന്റർ ആരംഭിക്കും. സെന്ററിൽ എത്താൻ പ്രയാസമുള്ളവരെ വീട്ടിലെത്തി പഠിപ്പിക്കും.
സ്മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഉള്ളത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ്.
സ്മാർട്ട് ഫോൺ ഉപയോഗം ശാസ്ത്രീയമായി പഠിക്കുന്നതിനും സന്നദ്ധ അധ്യാപകരാകുന്നതിനും താത്പര്യമുള്ളവർ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പി പി സംഗീത അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി കോർഡിനേറ്ററെ വിളിയ്ക്കാവുന്നതാണ്.
ഫോൺ 97449 36390.