'കരുതലും കൈതാങ്ങും': മഞ്ചേശ്വരം താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു

post

അടിസ്ഥാന വിഭാഗ ജനങ്ങൾക്ക് മുന്തിയ പരിഗണന നൽകുകയാണ് സർക്കാരിന്റെ നയം: മന്ത്രി അഹമ്മദ് ദേവർകോവിൽ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കാസർകോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നടത്തുന്ന 'കരുതലും കൈതാങ്ങും' താലൂക്ക് തല പരാതി പരിഹാര അദാലത്ത് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്കും അടിസ്ഥാന വിഭാഗ ജനങ്ങൾക്കും വലിയ പരിഗണന നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രിമാരുടെ നേതൃത്വത്തിൽ സാധാരണക്കാരിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ പരാതികൾക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം സാധ്യമാക്കുക എന്നതാണ് ഈ അദാലത്തുകളുടെ പ്രധാന ലക്ഷ്യം. പൗരൻമാരുടെ അവകാശങ്ങളും, ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുവാനും, സാങ്കേതിക തടസ്സങ്ങൾ കാരണമായി തടയപ്പെട്ടതും, ലഭ്യമാകാത്തതുമായ ആനുകൂല്യങ്ങൾ വളരെ എളുപ്പത്തിൽ ഉപഭോക്താക്കളിൽ എത്തിക്കാനും വേണ്ടിയാണ് ഇത്തരം താലൂക്ക് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ ഇതിനോടകം പൂർത്തിയായ താലൂക്ക് അദാലത്തുകൾ വഴി ആയിരക്കണക്കിന് പരാതികൾക്കാണ് പരിഹാരം കാണാൻ സാധിച്ചത്. മഞ്ചേശ്വരം താലൂക്കിലെ പരാതികൾക്കും പരിഹാരം കണ്ടെത്തും. മന്ത്രിമാരുടെ നേതൃത്വത്തിൽ സാധാരണക്കാരിലേക്ക് ഇറങ്ങിയുള്ള ഇത്തരം പ്രവർത്തനങ്ങൾ വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക് നൽകുന്നത്. ആരോഗ്യ സൂചികയിലും ജീവിത നിലവാര സൂചികയിലും പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തിലും ലിംഗ സമത്വത്തിലും തുടങ്ങി എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ് കേരളം. എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതും സാമൂഹിക നീതിയിലധിഷ്ഠിതവുമായ വികസനമുറപ്പാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുന്നത് കൊണ്ടാണ് എല്ലാ മേഖലയിലും മുന്നിലെത്താൻ സാധിക്കുന്നത്. സമൂഹത്തിലെ അടിസ്ഥാന വിഭാഗ ജനങ്ങളെയും സാധാരണക്കാരെയും പരിഗണിച്ചും, മുന്തിയ പരിഗണന നൽകിയുമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോവുന്നതെന്നും മന്ത്രി പറഞ്ഞു.

എ.കെ.എം.അഷ്‌റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരത്തെ ആവശ്യങ്ങൾ വളരെ പ്രാധാന്യത്തോടെ എപ്പോഴും സംസ്ഥാന സർക്കാർ പരിഗണിക്കാറുണ്ടെന്നും കഴിഞ്ഞ ആഴ്ച തീരദേശമേഖലയിലെ ജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച തീരസദസ്സ് വളരെ പ്രയോജനമായിരുന്നുവെന്നും എ.കെ.എം.അഷ്‌റഫ് എം.എൽ.എ പറഞ്ഞു.