പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് വാഹന വായ്പ

post

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന വാഹന വായ്പാ പദ്ധതിയുടെ (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്‌സല്‍ വാഹനങ്ങള്‍ക്ക്) കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10,00,000 രൂപയാണ് വായ്പാ അനുവദിക്കുക.

അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കണം. 5 ലക്ഷം രൂപ വരെ വായ്പാ തുകയ്ക്ക് 7 ശതമാനവും അതിനു മുകളില്‍ 9 ശതമാനവും ആയിരിക്കും പലിശ നിരക്ക്. വായ്പാ തുക 60 തുല്ല്യമാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കേണ്ടതാണ്. ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പകള്‍ നല്‍കും. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കാഞ്ഞങ്ങാട് ബസ്സ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ കാസര്‍കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2204580, 9400068514.