എന്റെ കേരളം മേളയില്‍ നവധ്വനി ഉദുമയുടെ നൃത്ത വിസ്മയം

post

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മൂന്നാം ദിനത്തില്‍ ഉദുമ നവധ്വനിയിലെ കലാകാരികള്‍ അവതരിപ്പിച്ച ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ് വൈവിധ്യമാര്‍ന്നതായി. വടക്കന്‍ പാട്ടിലെ അറിയപ്പെടാതെ പോയ പൂമാതയുടെ കഥ പ്രമേയമാക്കിയാണ് നൃത്തം അവതരിപ്പിച്ചത്. നാടുവാഴിയുടെ ഇംഗിതത്തിന് വഴങ്ങാാത്തതിനാല്‍ ശിക്ഷാവിധിക്ക് ഇരയായ പൂമാത കിണറില്‍ചാടി ജീവത്യാഗം ചെയ്യുന്നതുവരെയുള്ള കഥ അരങ്ങിലെത്തി. പൂമാതയുടെ ദുരന്തപര്യവസായിയായ ജീവതകഥ നൃത്തശില്‍പ രൂപത്തില്‍ അരങ്ങിലെത്തിയപ്പോള്‍ സദസ്സ് ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഷീന രത്‌നാകരന്‍, സൗമ്യ മധു , നിഷ വിനോദ് , ആശാ രാമന്‍ , ദിവ്യ രമേശന്‍, അശ്വിനി സുധീഷ് എന്നിവരാണ് കലാകാരികളായി അണിനിരന്നത്. ഒഴിവുസമയങ്ങളില്‍ യൂട്യൂബ് നോക്കിയാണ് ഇവര്‍ നൃത്തം അഭ്യസിച്ചത്. ശാസ്ത്രീയ നൃത്ത പശ്ചാത്തലമുള്ള രണ്ട് പേരാണ് സംഘത്തിലുള്ളത്. ഇരുവരുടെയും സഹായവും ഇവര്‍ക്ക് ലഭിച്ചു. ഉദുമ പടിഞ്ഞാറ് ഒദവത്ത് പ്രദേശവാസികളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയാണ് നവധ്വനി