കരുതലും കൈത്താങ്ങും നൽകി മല്ലപ്പള്ളി താലൂക്ക് തല അദാലത്ത്

post

കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്ത് മല്ലപ്പള്ളി സി.എം.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. അദാലത്തുകള്‍ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്ന കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതേ കാഴ്ചപ്പാടോടെയാണ് ഈ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. അദാലത്തില്‍ വരുന്ന പരാതികള്‍ പരമാവധി തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

അദാലത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ സുതാര്യമായും, വേഗത്തിലും ചെയ്തു കൊടുക്കുകയാണ് അദാലത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പാക്കും. 182 പരാതികളാണ് താലൂക്ക് അദാലത്തില്‍ സ്വീകരിച്ചത്. പുതുതായി ലഭിച്ച പരാതികളിൽ 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അദാലത്തില്‍ എത്തുന്ന ആളുകളുടെ പരാതികള്‍ മന്ത്രിമാരുടെ പക്കല്‍ എത്തിക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന മികച്ച ക്രമീകരണങ്ങള്‍ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി. നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കും, പുതുതായി അപേക്ഷ നല്‍കാനെത്തിയവര്‍ക്കുമായി പ്രത്യേക ഹെല്‍പ്പ് ഡെസകുകളാണ് ഒരുക്കിയിരുന്നത്. എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അദാലത്ത് നടന്ന ഹാളില്‍ സജ്ജരായിരുന്നു. ഓഡിറ്റോറിയത്തില്‍ അപേക്ഷകന് വിശ്രമിക്കാനുള്ള സൗകര്യവും കുടിവെള്ളവും ഒരുക്കിയിരുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ , ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നു.