കരുതലായി കൂടെയുണ്ട്, കണ്‍ട്രോള്‍ റൂമുകള്‍

post

ആലപ്പുഴ: 'പോണ്ടിച്ചേരിയില്‍ നിന്നുമെത്തിയതാണ് ,കൊറോണയുടെ പശ്ചാത്തലത്തില്‍ പുറത്ത് ഇറങ്ങുന്നതുകൊണ്ട് കുഴപ്പമുണ്ടോ......എന്റെ അയല്‍പ്പക്കത്ത് വിദേശത്ത് നിന്നും ഒരാള്‍ എത്തിയിട്ടുണ്ട്, ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്'' ഇങ്ങനെ നിരവധിയാണ് കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിലെത്തുന്ന കോളുകള്‍. എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ മറുപടിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ട് കൊറോണക്കെതിരെ കരുതലും ജാഗ്രതയുമായി 24 മണിക്കൂറും സേവന സജ്ജമാണ് ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും, കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും സേവനങ്ങള്‍ നല്‍കി ജനങ്ങള്‍ക്കൊപ്പമുണ്ട്. കൂടാതെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നിരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമും കൊറോണ നിരിക്ഷണത്തിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കുമായി മാനസിക പിന്തുണ നല്‍കി രംഗത്തുണ്ട്.

ദിനംപ്രതി 200 നും 250 നും ഇടയില്‍ കോളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമടക്കം കണ്‍ട്രോള്‍ റൂമുകളിലേക്കെത്തുന്നത്. ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ന്നിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൊറോണ കെയര്‍ സെന്ററുകളില്‍ പാലിക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സംശയങ്ങളും അറിയിപ്പുകളുമാണ് കണ്‍ട്രോള്‍ റൂമുകളിലേക്കെത്തുന്ന കോളുകളില്‍ കൂടുതലും. വിദേശത്തു നിന്നുമെത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളടക്കം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന കണ്‍ട്രോള്‍ റൂമുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്ക് കൈമാറുന്നത്. വിദേശത്ത് നിന്നും നാട്ടിലെത്തുന്നവര്‍ ഏതെങ്കിലും കാരണവശാല്‍ ആ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെയിരുന്നാല്‍ അവരില്‍ പലരുടേയും ബന്ധുക്കളും, നാട്ടുകാരും കണ്‍ട്രോള്‍ റൂമുകളില്‍ വിവരമറിയിക്കുന്നതും ഇപ്പോള്‍ പതിവാണ്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ഇവരെ കൃത്യമായി നിരീക്ഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളും. ജില്ലയിലെ 82 ആരോഗ്യകേന്ദ്രങ്ങള്‍ വഴിയാണ് കൊറോണ കെയര്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പകര്‍മാരാണ് വിവിധ ഷിഫ്റ്റുകളിലായി കണ്‍ട്രോള്‍ റൂമുകളില്‍ സേവനം നല്‍കിവരുന്നത്. ഈ സെല്ല് പ്രവര്‍ത്തിക്കുന്നത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സജി പി സാഗറിന്റെ നേതൃത്വത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നിരീക്ഷണത്തിലുള്ളവരെ ദിവസവും ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതിയും അവര്‍ക്ക് വേണ്ട അവശ്യ വസ്തുക്കളെക്കുറിച്ചും അന്വേഷിക്കും.

കണ്‍ട്രോള്‍ റൂമുകളിലേക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിക്കൊണ്ടുള്ള കോളുകളും എത്താറുണ്ടെന്നും അതിനാല്‍ തന്നെ കൃത്യമായ അന്വേഷണത്തിനു ശേഷം മാത്രമേ വേണ്ട നടപടികള്‍ സ്വീകരിക്കാറുള്ളുവെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഏതെങ്കിലും കാരണവശാല്‍ കൊറോണ കരുതല്‍ നിര്‍ദേശാനുസരണം വീട്ടില്‍ തങ്ങാന്‍ തയ്യാറാകാത്തവരെ പൊലീസിന്റെ സഹായത്തോടുകൂടി ക്വാറന്റൈനിലേക്ക്  പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കണ്‍ട്രോള്‍ റൂമുകളിലൂടെ ലഭ്യമാക്കുന്നുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍ 0477 2251650, 0477 2239999.