റോഡ് നിർമാണത്തിൽ കയർ ഭൂവസ്ത്രം; നൂതന സങ്കേതിക വിദ്യയുമായി സർക്കാർ

post

അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. റോഡ് നിർമാണത്തിനായി കയർ ഭൂവസ്ത്രം കൂടുതലായി ഉപയോഗിക്കുന്നത്

കയർ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കയർ ഭൂവസ്‌ത്രം പരമാവധി ഉപയോഗിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

റോഡ് നിർമാണത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്താൻ സാധ്യമാകുന്ന നിർമാണ രീതിയാണ് ബി എം ആൻഡ് ബി സി. സാധാരണ റോഡ് നിർമാണത്തേക്കാൾ മൂന്ന് ഇരട്ടിയിലധികം ചിലവ് കൂടുതലാണെങ്കിലും ബി എം ആൻഡ് ബി സി. റോഡ് ദീർഘകാലം ഈടുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് റോഡിന്‍റെ അടിത്തറ ബലപ്പെടുത്തിയും പ്ലാസ്റ്റിക് ചേര്‍ന്ന ബിസി ടാറിംഗ് നടത്തിയുമാണ് റോഡുകള്‍ നവീകരിച്ചിട്ടുള്ളത്.

പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട 21 ഗ്രാമീണ റോഡുകളാണ് 30 കോടി രൂപ ചെലവിൽ പുത്തന്‍സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരണം പൂര്‍ത്തിയാക്കിയത്. മഴക്കാലത്ത് ഏറെ പ്രയാസം അനുഭവിക്കുന്ന അപ്പര്‍ കുട്ടനാട് മേഖലയ്ക്ക് ഈ റോഡുകള്‍ ഗുണകരമാകും. സൈഡ് കോണ്‍ക്രീറ്റിംഗ്, ഓടകളുടെ നവീകരണം, സംരക്ഷണ ഭിത്തി, ഇന്‍റര്‍ലോക്ക്, കോണ്‍ക്രിറ്റ് റോഡ് എന്നിങ്ങനെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവൃത്തികളും നടപ്പിലാക്കിയിട്ടുണ്ട്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആലപ്പുഴ ജില്ലയിൽ ഏകദേശം 35 കിലോ മീറ്റർ റോഡ് ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ 127 കിലോ മീറ്റർ റോഡ് ഇത്തരത്തിൽ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ പാതാ നിർമാണം സംസ്ഥാനത്ത് 2025 ഓടെ പൂർത്തിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.