കോവിഡ് 19: സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

post

ആലപ്പുഴ :കോവിഡ് 19 ന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും 10 വീതം പതിനാലായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരെ ജില്ലയില്‍ ആവശ്യമുണ്ട്. ബോധവത്കരണം, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ട അവശ്യവസ്തുക്കളെ കുറിച്ചുള്ള വിവരം ശേഖരിക്കുക, അവര്‍ക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം ആവശ്യമുള്ളത്. ഇതുസംബന്ധിച്ച് സന്നദ്ധ സംഘടനകളുടെ യോഗം കളക്ടറേറ്റ് ചേംബറില്‍ ജില്ലാ കളക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ കൂടി.

നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ സന്നദ്ധ സേവകരുടെ കുറവ് പരിഹരിക്കുന്നതിനായിട്ടാണ് കളക്ടര്‍ സന്നദ്ധസംഘടനകളുടെ സഹായം അഭ്യര്‍ഥിച്ചത്. നിലവിലെ  സാഹചര്യത്തില്‍ ജില്ലയില്‍ ആയിരത്തിലധികം പേരാണ് വീടുകളില്‍ തന്നെ കഴിയുന്നത്. ആശ വര്‍ക്കറും സന്നദ്ധ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. താല്പര്യമുള്ള സന്നദ്ധ സംഘടനകളും വ്യക്തികളും ddmaalp@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

യോഗത്തില്‍ ആലപ്പുഴ രൂപത, നെഹ്‌റു യുവകേന്ദ്ര, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, ജെ സി ഐ ചാപ്‌റ്റേഴ്‌സ്, സേവ് ആലപ്പുഴ, ഫ്‌ളഡ് വോളന്റീര്‍സ് ഫാമിലി, പ്രതീക്ഷ, റേഡിയോ നെയ്തല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, കുടുംബശ്രീ, അത്താഴക്കൂട്ടം, ചേതന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, എ ഡി എസ്, മാസ്‌ക് ആലപ്പുഴ, സാന്ത്വനം തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.