പൊതുസ്ഥലത്ത്‌ മാലിന്യം എറിയുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

post

ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാടപ്പൊഴിയുടേയും അനുബന്ധ തോടുകളുടെയും കനാലുകളുടെയും നവീകരണ പദ്ധതി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലത്ത്‌ മാലിന്യം എറിയുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെ കർശന നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇതു സംബന്ധിച്ച് പൊലീസിന് കർശനനിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിലൂടെയാണ് നിർമാണം പൂർത്തിയാക്കിയത്.

ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീ നൽകാത്തവരുടെ കെട്ടിട നികുതിയിൽ ഇത് കുടിശികയായി ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യം ശരിയായി വേർതിരിച്ച്‌ സംഭരിച്ച്‌ അതത്‌ സംവിധാനത്തിലൂടെ സംസ്‌കരിക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്വമാണ്‌. കേരളത്തിൽ അമൃത് പദ്ധതിയുടെ തുക വിനിയോഗത്തിൽ രണ്ടാം സ്ഥാനമാണ് ആലപ്പുഴ നഗരസഭയ്ക്ക്. മാലിന്യ സംസ്കരണത്തിൽ ആലപ്പുഴ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ 500 അമൃത് നഗരങ്ങളില്‍ ഒന്നായ ആലപ്പുഴ നഗരസഭയില്‍ ദ്രവമാലിന്യ സംസ്കരണം, പാര്‍ക്ക്, സ്റ്റോം വാട്ടര്‍ ഡ്രെയ്നേജ്, അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് എന്നീ സെക്ടറുകളിലായി 201 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ 179 പദ്ധതികള്‍ പൂര്‍ത്തിയാക്കി. മറ്റുള്ളവ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 190.27 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്.

സ്റ്റോം വാട്ടര്‍ ഡ്രെയ്നേജ് സെക്ടറില്‍ 141 പദ്ധതികളിലായി 40.92 കോടി രൂപ ചിലവഴിച്ച് ഏകദേശം 48 കിലോമീറ്റര്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും തോടുകള്‍ വൃത്തിയാക്കി ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുകയും ചെയ്തു. ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍ തെക്കന്‍ വാര്‍ഡുകളായ ഗുരുമന്ദിരം, ബീച്ച്, വാടയ്ക്കല്‍, ഇരവുകാട്, കുതിരപ്പന്തി എന്നീ വാര്‍ഡുകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവും വിധമാണ് വാടപ്പൊഴിയുടെ നവീകരണം പദ്ധതി. വാടപ്പൊഴിയുടെയും അഞ്ച് അനുബന്ധ തോടുകളുടെയും ആഴം കൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന പദ്ധതി 2.2 കോടി അടങ്കലിലാണ് പൂര്‍ത്തീകരിച്ചത്.