നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നു

പത്തനംതിട്ട ജില്ലയിലെ നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു. നെടുംമ്പ്രം, കുറ്റൂർ, സീതത്തോട്, പ്രമാടം ഗ്രാമ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏപ്രിൽ 17 ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പിഎച്ച്സികൾ കുടുംബരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിക്കും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
ഇതോടെ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 25 ആയി ഉയരും. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഒരുക്കുന്നത്. പി.എച്.സി കളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിലൂടെ എല്ലാവർക്കും പ്രാപ്യവും സമഗ്രവും, ഗുണനിലവാരം ഉള്ളതുമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 ലക്ഷം രൂപയും പ്രളയ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.32 ലക്ഷം രൂപയും ചിലവഴിച്ചാണ് നേടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി നൽകിയ 3.93 ലക്ഷം രൂപയും ചിലവഴിച്ച് കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. സീതത്തോട് കുടുംബരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ കേരളം പദ്ധതിയിൽനിന്ന് 16.02 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായി 23.96 ലക്ഷം രൂപയും ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രമാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരണങ്ങൾക്കായി ആരോഗ്യ കേരളം ഫണ്ടിൽ നിന്ന് 15.5 ലക്ഷം രൂപ വിനിയോഗിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതുമാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം. ഇതിനായാണ് പി എച്ച് സി കളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന പ്രീചെക്ക്, പ്രൈമറി, സെക്കൻഡറി വെയിറ്റിംഗ് ഏരിയകൾ, രോഗികളുടെ സ്വകാര്യത ഉറപ്പാക്കും വിധമുള്ള പരിശോധനാ മുറികൾ, നവീകരിച്ച ഫാർമസി, നവീകരിച്ച ലാബ്, ഇഞ്ചക്ഷൻ റൂം, ഇമ്മ്യൂണൈസേഷൻ റൂം, പാലിയേറ്റീവ് കെയർ, ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.