കാഞ്ഞങ്ങാട് നഗരസഭ ജനകീയ ശുചീകരണം നടത്തി

post

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത കേരളം' ' വൃത്തിയുള്ള കേരളം വലിച്ചെറിയല്‍ മുക്ത കേരളം ' ജനകീയ ശുചീകരണം നടത്തി. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മസേന, മത്സ്യ തൊഴിലാളികള്‍, വിവിധ സന്നദ്ധ സേന സംഘടനകള്‍ നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികള്‍, ജനപ്രതിനിധികള്‍ എന്നിരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത്.

വീടും സ്ഥാപനങ്ങളും പൊതുഇടങ്ങളും മാലിന്യ മുക്തമാക്കി പകര്‍ച്ചവ്യാധികളെ തടയുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരണം നടത്തുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുക, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി വാതില്‍പ്പടി ശേഖരണം നടത്തുക, ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക, അതിനാവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, എല്ലാ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കുന്നതിലൂടെ കൊതുകു വിമുക്ത വീടുകള്‍ എന്ന ആശയം നടപ്പിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്.