കോവിഡ് 19: തടവുകാരും കുടുംബശ്രീ പ്രവര്‍ത്തകരും മാസ്‌ക് നിര്‍മാണത്തില്‍ സജീവം

post

പാലക്കാട്: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌കിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജയില്‍ തടവുകാരും കുടുംബശ്രീ പ്രവര്‍ത്തകരും മാസ്‌ക് നിര്‍മാണത്തില്‍ സജീവമാകുന്നു. കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ 'ബ്രേക്ക് ദി ചെയിന്‍' ക്യാമ്പയ്‌നിന്റെ ഭാഗമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍മാണം ആരംഭിച്ചത്. കഴുകി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തുണി ഉപയോഗിച്ചുള്ള മാസ്‌കുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുപ്പത് യൂണിറ്റുകളിലാണ് നിര്‍മിക്കുന്നത്. ആരോഗ്യവകുപ്പുമായി സഹകരിച്ചും അല്ലാതെയും ഓര്‍ഡറുകള്‍ക്കനുസരിച്ച് ആവശ്യക്കാര്‍ക്ക് മാസ്‌ക് എത്തിക്കാനുള്ള യജ്ഞത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 10, 15 രൂപ വിലയുള്ള മാസ്‌ക്കുകളാണ് വിപണിയിലെത്തിക്കുന്നത് .

മലമ്പുഴയിലെ ജില്ലാ ജയിലില്‍ രണ്ട് ദിവസത്തിനിടെ നിര്‍മ്മിച്ചത് എഴുന്നൂറോളം മാസ്‌കുകളാണ്. പാലക്കാട് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ ജില്ലാ ഡയറക്ടര്‍ സിജു മാത്യുവും നാല് ടെയ്‌ലറിങ് ടീച്ചര്‍മാരും ആദ്യം വനിതാ ബ്ലോക്കിലും പിന്നീട് പുരുഷ ബ്ലോക്കിലുമുള്ള എട്ട് പേര്‍ക്ക് മാസ്‌ക് നിര്‍മ്മാണ പരിശീലനം നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ എഴുന്നൂറോളം മാസ്‌കുകള്‍ നിര്‍മ്മിച്ചു. ഇതിനാവശ്യമായ തുണിയും ഇലാസ്റ്റിക്കും പുറത്ത് നിന്നും വാങ്ങി. ഉപയോഗശേഷം അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലുള്ള തുണികൊണ്ടുള്ള മാസ്‌ക്കുകളാണ് നിര്‍മ്മിക്കുന്നത്. ജയില്‍ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും മാസ്‌ക് വിതരണം ചെയ്തു. സാമൂഹ്യനീതി വകുപ്പിന് കൈമാറാന്‍ അഞ്ഞൂറോളം മാസ്‌ക്കുകള്‍ തിരുവനന്തപുരത്ത് ജയില്‍ വകുപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് എം. അനില്‍ കുമാര്‍ പറഞ്ഞു.

മാസ്‌കിന് പുറമെ കൈ കഴുകുന്നതിനുള്ള സാനിറ്റൈസര്‍ നിര്‍മിക്കാനും തടവുപുള്ളികള്‍ക്ക് പരിശീലനവും നല്‍കി. മുണ്ടൂര്‍ ഐ ആര്‍ ടി സിയുടെ സഹകരണത്തോടെയാണ് സാനിറ്റൈസര്‍ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നത്.