മധൂര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ മന്ത്രി കെ രാജന്‍ നാടിന് സമര്‍പ്പിച്ചു

post

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കാസർഗോഡ് മധൂര്‍ വില്ലേജില്‍ നിര്‍മ്മിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ ഉദ്‌ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി 75 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു വരുന്നതായി മന്ത്രി കെ.രാജന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോടനനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയില്‍ ഭവന നിര്‍മ്മാണ വകുപ്പ് പത്തു പദ്ധതികള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

504 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിച്ചത്. മധൂര്‍ വില്ലേജിലെ ഉദയഗിരിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ 34.03 സെന്റ് സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് നില കെട്ടിടത്തില്‍ ആക 109 കിടക്കകള്‍ ഉള്ളതില്‍ അറ്റാച്ച്ഡ് ബാത്ത്റൂമോടു കൂടിയ മൂന്ന് കിടക്കകളുള്ള രണ്ട് മുറികളും, രണ്ട് കിടക്കകളുള്ള അഞ്ച് മുറികളും, ആറ് കിടക്കകളുള്ള രണ്ട് ഡോര്‍മെട്രികളും ഉണ്ട്. അറ്റാച്ച്ഡ് ടോയ്ലറ്റ് ഇല്ലാത്ത, മൂന്ന് കിടക്കകളുള്ള 21 മുറികളും രണ്ട് കിടക്കകളുള്ള രണ്ട് മുറികളും, ഏഴ് കിടക്കകളുള്ള രണ്ട് ഡോര്‍മെട്രികളും ആണുള്ളത്. അംഗപരിമിതര്‍ക്കുള്ള മുറികള്‍, ഡേ കെയര്‍, കിച്ചണ്‍, ഡൈനിംഗ്, ഹാള്‍, ടെറസ്സില്‍ ക്ലോത്ത് ഡ്രൈയിംഗ് ഏരിയ, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.