'സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി' എല്ലാ രാജ്യങ്ങളിലും നടപ്പാകണം: ഡോ. സുനിത കൃഷ്ണന്‍

post

സ്ത്രീ സുരക്ഷ സെമിനാര്‍ സംഘടിപ്പിച്ചു

'സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി' സംവിധാനം എല്ലാ രാജ്യങ്ങളിലും നടപ്പാകണമെന്ന് പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇരകളായവരുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിച്ച് പ്രതികളെ സമൂഹത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. വിശ്വാസ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സ്ത്രീ സുരക്ഷാ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കുറ്റവാളികളെയാണ് സമൂഹത്തില്‍ തിരിച്ചറിയപ്പെടേണ്ടത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടില്ലെന്ന ധൈര്യം, ക്രിമിനല്‍ സൗഹാര്‍ദ നിയമ സംവിധാനം, കുറ്റവിമുക്തരായി പുറത്തിറങ്ങാന്‍ കഴിയുമെന്ന ധൈര്യം, കുറ്റവാളികളെ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളുടെ പോരായ്മ തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളായി കാണുന്നത്. ഏഴ് മുതല്‍ പത്ത് ശതമാനം കുറ്റവാളികളും ചെയ്ത കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ അമേരിക്കയിലാണ് ഏറ്റവും മികച്ച സംവിധാനമുള്ളതെന്നും ഡോ. സുനിത കൃഷ്ണന്‍ പറഞ്ഞു.

നിയമപരമായ നടപടികളിലൂടെ കുറ്റക്കാരെന്ന് തെളിയിക്കപ്പെടുന്നവരാണ് 'സെക്‌സ് ഒഫന്റേഴ്‌സ് രജിസ്ട്രി'യില്‍ ഉള്‍പ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് പേര് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കുറ്റാരോപിതരും ജുവനൈല്‍ ജസ്റ്റിസിന് കീഴില്‍ വരുന്നവരും രജിസ്ട്രിയില്‍ ഉള്‍പ്പെടില്ല. ഇത്തരത്തില്‍ രജിസ്ട്രിയില്‍ ഉള്‍പ്പെട്ടവരുടെ പേര്, വിലാസം, ജനന തീയതി, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍, ലൈസന്‍സ്, ഐ.ഡി കാര്‍ഡ്, വിദ്യാഭ്യാസ വിവരങ്ങള്‍, തൊഴില്‍ വിവരങ്ങള്‍, ക്രിമിനല്‍ ചരിത്രം, ഡി.എന്‍.എ സാമ്പിള്‍, വിരലടയാളം, വിദേശയാത്രാ വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ രേഖപ്പെടുത്തുന്നതിലൂടെ കുറ്റവാളിയെ സമൂഹത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.

കൂടാതെ ഈ സംവിധാനത്തിലൂടെ ഇവര്‍ക്ക് ജോലി ലഭിക്കാതെ വരിക, വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ കഴിയാതെ വരിക, ഇവരുടെ ജി.പി.എസ് ട്രാക്കിങ്, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പോലും പരിമിതികള്‍ ഏര്‍പ്പെടുത്തുന്നു. കുറ്റവാളികളിലെ ലൈംഗിക വൈകൃതങ്ങള്‍ കൃത്യമായി കണ്ടെത്തി മനോരോഗ ചികിത്സ നല്‍കേണ്ടതിന്റെ ആവശ്യകത, കൗണ്‍സലിങ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അവബോധം എന്നിവ സംബന്ധിച്ചും ഡോ. സുനിത കൃഷ്ണന്‍ സംസാരിച്ചു.